മുന്നേറ്റ താരം ഓലി വാട്കിൻസിന് ആസ്റ്റൻ വില്ലയിൽ പുതിയ കരാർ. നിലവിൽ 2025 വരെ കരാറുള്ള ഇംഗ്ലീഷ് താരത്തിന് അഞ്ച് വർഷത്തെ കരാർ ആണ് ആസ്റ്റൻ വില്ല പുതുതായി നൽകിയത്. ഇതോടെ 28 കാരനെ 2028വരെ ടീമിൽ നിലനിർത്താൻ വില്ലക്കാവും.
തകർപ്പൻ ഫോമിൽ സീസൺ ആരംഭിച്ച വാട്കിൻസ് ഇതുവരെ പതിനൊന്ന് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ കുറിച്ചു കഴിഞ്ഞു. നിലവിൽ 75000 യൂറോയോളം പ്രതിവാരം നേടുന്ന വാട്കിൻസ് പുതിയ കരാറോടെ ടീമിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളാവും. ഉനയ് ഉമരിക്ക് കീഴിൽ ടീമിലെ സുപ്രധാന താരമായി മാറിക്കഴിഞ്ഞ വാട്കിൻസിനെ തേടി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദേശിയ ടീമിലേക്കുള്ള വിളിയും എത്തിയിരുന്നു.
ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരവും യൂറോ യോഗ്യതയും ആണ് ടീമിന്റെ അടുത്ത പോരാട്ടങ്ങൾ. 2020ലാണ് ബ്രെന്റ്ഫോർഡിൽ നിന്നും മുപ്പത് മില്യണോളം പൗണ്ട് തുക മുടക്കി വാട്കിൻസിനെ ആസ്റ്റൻ വില്ല ടീമിലേക്ക് എത്തിക്കുന്നത്.