ജോസെ മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആയിരുന്ന സമയത്ത് ടീമിന്റെയും ജോസേ മൗറീഞ്ഞോയുടെയും പ്രധാന വിമർശകർ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളായിരുന്ന ക്ലാസ് ഓഫ് 92ലെ പോൾ സ്‌കോൾസും ഗാരി നെവില്ലെയും എല്ലാം. ടീം മികച്ച പ്രകടനം നടത്തുമ്പോൾ പോലും കടുത്ത വിമർശനങ്ങളുമായി ഇരുവരും മാധ്യമങ്ങളിൽ എത്തിയിരുന്നു.
ജോസെ മൗറീഞ്ഞോയുടെ ശൈലി മാഞ്ചസ്റ്റർ യുണൈറ്റഡിന് ചേർന്നതല്ല എന്ന് പറഞ്ഞായിരുന്നു സ്‌കോൾസ് മിക്ക സമയവും മൗറിഞ്ഞോയെ വിമർശിച്ചിരുന്നത്. ഒരു സമനില പോലും നെവില്ലെയെയും സ്‌കോൾസിനെയും ടീമിനെതിരെയും മൗറിഞ്ഞോക്കെതിരെയും കടുത്ത വിമർശനം ഉന്നയിക്കുന്നതിലേക്ക് നയിച്ചിരുന്നു. ഒരു വിഭാഗം യുണൈറ്റഡ് ആരാധകരെ മൗറിഞ്ഞോക്ക് നേരെ തിരിക്കുന്നതിൽ പോലും ഇരുവർക്കും പങ്കുണ്ടായിരുന്നു. എന്നാൽ മൂന്നു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം പ്രകടനം നടത്തുമ്പോൾ പോലും ഇരുവരും ഒരുവാക്ക് പോലും മിണ്ടുന്നില്ല എന്നതാണ് പ്രത്യേകത.
കോച്ചിന് വേണ്ട കളിക്കാരെ മാനേജ്‌മെന്റ് എത്തിച്ചു നൽകുന്നില്ല എന്നത് വ്യക്തമായിരുന്നിട്ടും ജോസേ മൗറീഞ്ഞോയുടെ പിഴവാണ് മോശം പ്രകടനത്തിന് കാരണം എന്ന നിലയിൽ ആയിരുന്നു ഇരുവരുടെയും വിമർശനം. ലുക്കാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിന് ചേർന്ന കളിക്കാരൻ അല്ല തുടങ്ങി ബോഡി ഷെമിങ് വരെ നടത്തി ലുക്കാക്കുവിനെ വിൽക്കുന്നതിലേക്ക് വരെ എത്തിച്ചത് ഇരുവരും ചേർന്നായിരുന്നു. എന്നാലിപ്പോൾ ലുക്കാക്കുവിന് പകരം സ്‌ട്രൈക്കർ റോളിൽ കളിക്കുന്ന റാഷ്‌ഫോഡ് ഒരു ഗോൾ പോയിട്ട് ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും നേടുന്നതിൽ പരാജയപ്പെടുമ്പോളും മൗനം പാലിക്കുകയാണ് ഇരുവരും.
ഇരുവരുടെയും സഹ കളിക്കാരനായിരുന്ന സോൾഷ്യർ മാനേജർ ആയത് കൊണ്ട് മാത്രം മാനേജ്‌മെന്റ് പിഴവാണ് മോശം പ്രകടനത്തിന് കാരണം എന്നത് ഇരുവരും മനസിലാക്കിയതാവുമോ?