തുടർ വിജയങ്ങളുമായി പ്രീമിയർ ലീഗിൽ കുതിക്കുകയായിരുന്ന ന്യൂകാസിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ലീഡ്സ്. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പിരിയുകയായിരുന്നു. ഇതോടെ ന്യൂകാസിലിന്റെ മൂന്നാം സ്ഥാനവും അപകടത്തിൽ ആയി. ലീഡ്സ് പതിനാലാം സ്ഥാനത്തേക്ക് ഉയർന്നു.
തകർപ്പൻ ഫോം തുടരുന്ന ന്യൂകാസിലിനോട് എതിരിട്ടു നിൽക്കുന്ന പ്രകടനമാണ് ലീഡ്സ് ആദ്യ പകുതിയിൽ പുറത്തെടുത്തത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ന്യൂകാസിലിനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി. ലീഡ്സ് ആവട്ടെ പലപ്പോഴും എതിർ ബോക്സിന് അടുത്തു വരെ എത്താൻ സാധിച്ചെങ്കിലും കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുത്തില്ല. ന്യൂകാസിൽ കോർണറിൽ നിന്നെത്തിയ പന്തിൽ ബേണിന് പോസ്റ്റിന് തൊട്ടുമുൻപിൽ വെച്ചു കൃത്യമായി കാലിൽ കൊള്ളിക്കാൻ സാധിക്കാതെ പോയി. ട്രിപ്പിയരുടെ ഫ്രീകികിൽ ബോട്മാനും അവസരം നഷ്ടപ്പെടുത്തി. ഹാരിൻസണിന്റെ പാസിൽ ലോങ്സ്റ്റാഫിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ലീഡ്സ് ബോക്സിനുള്ളിൽ വെച്ചു സ്കാറിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കാതിരുന്നതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ന്യൂകാസിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുത്തു. പോസ്റ്റിന് കീഴിൽ മെസ്ലിയെയുടെ പ്രകടനവും ലീഡ്സിന്റെ രക്ഷക്കെത്തി. ജോയലിന്റണിന്റെ പാസിൽ ലഭിച്ച സുവർണാവസരം ലോങ്സ്റ്റാഫ് പുറത്തേക്കടിച്ചു കളഞ്ഞത് കാണികളെ അമ്പരപ്പിച്ചു. ബോസ്കിനുള്ളിൽ ലഭിച്ച മറ്റൊരു അവസരവും താരം ഗാലറിയിൽ എത്തിച്ചു. സെയ്ന്റ് മാക്സിമിന്റെയും കല്ലം വിൽസണിന്റെയും വരവ് ന്യൂകാസിൽ മുന്നേറ്റങ്ങൾ മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ട്രിപ്പിയറിന്റെ തുടർച്ചയായ ഫ്രീകിക്കുകളും ഉപയോഗപ്പെടുത്താൻ അവർക്കായില്ല.