രണ്ടു തവണ ലീഡ് വഴങ്ങിയിട്ടും മത്സരം വിട്ടുകൊടുക്കാതെ വോൾവ്സിന്റെ ആവേശോജ്വല പോരാട്ടം കണ്ട മത്സരത്തിന് ഒടുവിൽ സമനില വഴങ്ങി ന്യൂകാസിൽ. വോൾവ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. കല്ലം വിൽസൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലെമിനയും ഹ്വാങും വോൾവ്സിന് വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ പോയിന്റ് പട്ടികയിൽ ന്യൂകാസിലിന്റെ ആറാം സ്ഥാനം ഭീഷണിയിൽ ആയി. വോൾവ്സ് 12ആമതാണ്.
തുടക്കം മുതൽ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു മത്സരം. ലോങ്സ്റ്റെഫിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയപ്പോൾ കുയ്നയുടെ ഷോട്ട് പോപ്പ് കൈക്കലാക്കി. 22ആം മിനിറ്റിൽ ന്യൂകാസിൽ ലീഡ് എടുത്തു. ഗോർഡോന്റെ ക്രോസിലൂടെ എത്തിയ ബോളിൽ കീപ്പർക്ക് പിഴച്ചപ്പോൾ വിൽസൺ വല കുലുക്കുകയായിരുന്നു. എന്നാൽ വോൾവ്സ് കീപ്പർ സായെ ലോങ്സ്റ്റാഫ് ഫൗൾ ചെയ്തെന്ന സംശയം തോന്നിയതിനാൽ വാർ ചെക്കിന് ശേഷമാണ് ഗോൾ അനുവദിച്ചത്. പിന്നീടും ഇരു ഭാഗത്തും അവസരങ്ങൾ പിറന്നു. 36ആം മിനിറ്റിൽ വോൾവ്സ് സമനില നേടി. നെറ്റോയുടെ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ലെമിനയാണ് വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ ന്യൂകാസിൽ ലീഡ് വീണ്ടെടുത്തു. സ്കാറിനെ ഹ്വാങ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. നീണ്ട വാർ ചെക്കിന് ശേഷം പെനാൽറ്റി ശരിവെച്ചപ്പോൾ കിക്ക് എടുത്ത വിൽസണിന്റെ ഷോട്ടിൽ കീപ്പർക്ക് കൈവെക്കാൻ ആയെങ്കിലും പന്ത് വലയിൽ എത്തുന്നത് തടയാൻ സാധിച്ചില്ല.
രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച കളി തന്നെ കെട്ടഴിച്ചു. എങ്കിലും പതിയെ വോൾവ്സ് മത്സരത്തിൽ ചെറിയ മേധാവിത്വം നേടിയെടുത്തു. 71ആം മിനിറ്റിൽ ഹ്വാങ്ങിലൂടെ അവർ വീണ്ടും സ്‌കോർ നില തുല്യമാക്കി. പ്രതിരോധ താരം ടോറ്റി ഡ്രിബ്ബിൽ ചെയ്തു കയറി നൽകി അവസരം ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം ഹ്വാങ് അതിമനോഹരമായി വലയിൽ എത്തിച്ചു. ട്രിപ്പിയറുടെ ക്രോസിൽ നിന്നും സ്കാറിന്റെ ഹെഡർ അകന്ന് പോയി. അവസാന നിമിഷം ഗോളിനായി ന്യൂകാസിൽ ശ്രമം നടത്തിയെങ്കിലും വോൾവ്സ് ഉറച്ചു നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.