ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് മികച്ച വിജയത്തോടെ തുടക്കം. ഇന്ന് എവേ മത്സരത്തിൽ ന്യൂകാസിലിനെ നേരിട്ട വെസ്റ്റ് ഹാം രണ്ടിനെതിരെ നാലു ഗോളുകൾക്കണ് വിജയിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷം പൊരുതു കയറി ആയിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. സ്റ്റീവ് ബ്രൂസിന്റെ ന്യൂകാസിൽ മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ അവർക്കായി. മാക്സിമിന്റെ മികവിൽ നിന്ന് പിറന്ന അവസരം കാലം വിൽസൺ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.
ഇതിന് 18ആം മിനുട്ടിൽ വെസ്റ്റ് ഹാം മറുപടി പറഞ്ഞു. ഡിഫൻഡർ ക്രെസ്വൽ ആയിരുന്നു വെസ്റ്റ് ഹാമിന്റെ സമനില ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ന്യൂകാസിൽ ലീഡ് തിരികെയെടുത്തു. ഒരു ഹെഡറിൽ നിന്ന് മർഫി ആണ് ന്യൂകാസിന്റെ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം ശക്തമായി തന്നെ തിരിച്ചുവന്നു. 53ആം മിനുട്ടിൽ അന്റോണിയോയുടെ ക്രോസിൽ നിന്ന് സെൻ ബെൻറാമ ഒരു ഹെഡറിലൂടെ വെസ്റ്റ് ഹാമിന് സമനില നൽകി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോൾ പിറന്നത്.
അന്റോണിയോ എടുത്ത പെനാൾട്ടി ന്യൂകാസിൽ ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും റീബൗണ്ടിലൂടെ സൗചക് വെസ്റ്റ് ഹാമിന് ലീഡ് നൽകി. പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് മൂന്ന് മിനുട്ടുകൾക്ക് അകം അന്റോണിയോ പ്രായശ്ചിത്തം ചെയ്തു. 66ആം മിനുട്ടിൽ ബെൻറാമയുടെ പാസിൽ നിന്നായിരുന്നു അന്റോണിയോയുടെ ഗോൾ. ഈ ഗോൾ വെസ്റ്റ് ഹാമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു