പ്രീമിയർ ലീഗിൽ ഈ സീസണിൽ ആദ്യമായി ആഴ്സണൽ പരാജയപ്പെട്ടു. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ആണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ആഴ്സണലിന്റെ പരാജയം. ആഴ്സണലിന്റെ പ്രീമിയർ ലീഗിലെ 11 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് ഇതോടെ അവസാനമായത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച എഡി ഹോയുടെ ടീം പ്രീമിയർ ലീഗിലെ വലിയ ക്ലബുകളായി ഒരിക്കൽ കൂടെ വളർന്നു വരികയാണെന്ന് അടിവരയിട്ട പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.

ഇന്ന് ആദ്യ പകുതി പരുക്കൻ ആയിരുന്നു എങ്കിലും ഇരുടീമുകളും അവരുടെ 100 ശതമാനം നൽകി കളിക്കുന്നത് കാണാൻ ആയി. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ആണ് ന്യൂകാസിൽ ഗോൾ വന്നത്. ആന്തണി ഗോർദന്റെ ഫിനിഷിൽ നിന്നായിരുന്നു ഗോൾ. താരത്തിന്റെ ഈ സീസണിലെ നാലാമത്തെ ലീഗ് ഗോളായിരുന്നു ഇത്. നീണ്ട നേരത്തെ വാർ പരിശോധനയ്ക്ക് ശേഷമാണ് ആ ഗോൾ അനുവദിച്ചത്.
ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 20 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ആഴ്സണൽ 24 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
 
					













