സതാംപ്ടണെതിരെ ഗോൾ വഴങ്ങിയ ശേഷം ശക്തമായി തിരിച്ചടിച്ചു ന്യൂകാസിൽ യുണൈറ്റഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ ജയം സ്വന്തമാക്കിയത്. കല്ലം വിൽസൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. സതാംപ്ടണ് വേണ്ടി ആംസ്ട്രോങ് ആണ് വല കുലുക്കിയത്. ഇതോടെ ന്യൂകാസിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും അവർ നിലനിർത്തി. സതാംപ്ടൺ അവസാന സ്ഥാനത്ത് തന്നെ തുടരുന്നു.
ഒന്നാം മിനിറ്റിൽ തന്നെ വാൾക്കർ പീറ്റേഴ്‌സ് ന്യൂകാസിൽ പോസ്റ്റിലേക്ക് ഷോട്ട് ഉതിർക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. ആദ്യ പകുതിയിൽ ന്യൂകാസിലിനോട് കിടപ്പിടിക്കുന്ന പ്രകടനം പുറത്തെടുക്കാൻ അവർക്കായി. എന്നാൽ ന്യൂകാസിൽ തന്നെ കൂടുതൽ അവസരങ്ങൾ ഒരുക്കി എടുത്തു. ഗോർഡോണ് ലഭിച്ച അവസരങ്ങളിൽ ഒന്ന് സൈഡ് നെറ്റിൽ അവസാനിച്ചപ്പോൾ മറ്റൊരു തകർപ്പൻ ഷോട്ട് പോസ്റ്റിലിടിച്ചു. 41ആം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് കൊണ്ട് സതാംപ്ടൺ ലീഡ് എടുത്തു. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ ബോളിൽ സുലെമാനയുടെ അസിസ്റ്റിൽ നിന്നും ആംസ്ട്രോങ് ആണ് വല കുലുക്കിയത്.
എന്നാൽ രണ്ടാം പകുതിയിൽ ന്യൂകാസിൽ ആദ്യ പകുതിയിലെ കുറവുകൾ പരിഹരിച്ചു. 54ആം മിനിറ്റിൽ തന്നെ വിൽസണിലൂടെ അവർ സമനില നേടി. ഇസാക്കിന്റെ പാസിൽ നിന്നും താരം അനായസം വല കുലുക്കി. പകരക്കാരനായി കളത്തിൽ എത്തിയ വിൽസന്റെ അഴിഞ്ഞാട്ടം ആയിരുന്നു രണ്ടാം പകുതി. താരത്തിന്റെ ഹെഡർ അവസരം കീപ്പർ തടുത്തു. 74ആം മിനിറ്റിൽ വിൽസൻ തന്നെ രണ്ടാം ഗോൾ നേടിയെങ്കിലും വാർ ചെക്കിൽ ഓഫ് സൈഡ് വിധിച്ചു. എന്നാൽ തളരാതെ പോരാടിയ ന്യൂകാസിൽ ഏത് നിമിഷവും ലീഡ് നേടും എന്നുറപ്പായിരുന്നു. 79ആം മിനിറ്റിൽ ട്രിപ്പിയറുടെ കോർണറിൽ നിന്നെത്തിയ ബോൾ വാൽകോട്ടിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോളിൽ കലാശിച്ചു. രണ്ടു മിനിറ്റിന് ശേഷം സതാംപ്ടൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തു വിൽസൻ ഒരിക്കൽ കൂടി വലകുലുക്കി. പിന്നീട് ഇഞ്ചുറി ടൈമിൽ അടക്കം ന്യൂകാസിൽ എതിർ പോസ്റ്റിന് മുന്നിൽ തമ്പടിച്ചു അവസരങ്ങൾ ഒരുക്കി എടുത്തെങ്കിലും ഗോൾ മാത്രം പിറന്നില്ല.