ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ശക്തമായ മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂകാസിലിന്റെ വിജയം. ആഴ്സണൽ ഈ സീസണിൽ ലീഗിൽ ഇതുവരെ 10 മത്സരങ്ങളിൽ 5 മത്സരങ്ങളിൽ മാത്രമെ വിജയിച്ചുള്ളൂ.

ഇന്ന് മത്സരം ആരംഭിച്ച് 12ആം മിനുട്ടിൽ തന്നെ ന്യൂകാസിൽ യുണൈറ്റഡ് ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ആന്റണി ഗോർദൻ നൽകിയ മനോഹരമായ ക്രോസ് അതിനൊപ്പം നിൽക്കുന്ന ഒരു ഹെഡറിലൂടെ ഇസാക് വലയിൽ എത്തിക്കുകയായിരുന്നു. ഈ ഒരു ഗോളിൽ ഊന്നി മികച്ച രീതിയിൽ ഡിഫൻഡ് ചെയ്യാൻ ന്യൂകാസിൽ യുണൈറ്റഡിന് ആയി.
10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്സണൽ 18 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്തും നിൽക്കുന്നു.