ജയമില്ലാതെ കഷ്ടപ്പെട്ടിരുന്ന ന്യൂകാസിലിന് ഇത് തുടർച്ചയായ രണ്ടാം ജയം. ഇന്ന് മികച്ച ഫോമിലുള്ള ബോണ്മതിനെയാണ് ന്യൂകാസിൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ന്യൂകാസിൽ ജയം. സോളമൻ റൊണ്ടോണിന്റെ ഇരട്ട ഗോളുകളാണ് ന്യൂകാസിലിനെ രക്ഷിച്ചത്. ന്യൂകാസിലിൽ എത്തിയതു മുതൽ ഗോളടിക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു റോണ്ടോൺ. ഗോൾ അടിച്ചപ്പോൾ രണ്ട് അടിക്കുകയും ചെയ്തു.
ആദ്യ പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. ഏഴാം മിനുട്ടിൽ റോണ്ടോണിന്റെ ഒരു ശ്രമം ബെഗോവിച് തട്ടിയകറ്റി എങ്കിലും വീണ്ടും റൊണ്ടോണിന്റെ കാലിൽ തന്നെ വീണു. ഇത്തവണ ബെഗോവിചിനെ മറികടക്കാൻ റോണ്ടോണായി. 40ആം മിനുട്ടിൽ ഒരു ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു റൊണ്ടോണിന്റെ രണ്ടാം ഗോൾ. ലെർമ ആണ് ബോണ്മതിന്റെ ഗോൾ നേടിയത്.
ജയത്തോടെ ന്യൂകാസിൽ റിലഗേഷൻ മേഖലയിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു. 12 മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയന്റുമായി 14ആം സ്ഥാനത്താണ് ന്യൂകാസിൽ ഉള്ളത്. ബോണ്മത് ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്.