1-3ന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം!! ന്യൂകാസിൽ തീ

Newsroom

ഇതല്ലേ ത്രില്ലർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഒരു ത്രില്ലറിന് ഒടുവിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഏഴു ഗോളുകളാണ് പിറന്നത്. ഗംഭീര പ്രകടനം നടത്തിയ ന്യൂകാസിൽ അവസാന നിമിഷ ഗോളിലൂടെ 4-3ന്റെ വിജയം സ്വന്തമാക്കി.

Picsart 24 03 30 20 15 27 623

ഒരു ഘട്ടത്തിൽ 3-1ന് പിറകിൽ പോയ ശേഷമാണ് ന്യൂകാസിൽ യുണൈറ്റഡ് തിരിച്ചടിച്ച് വിജയം നേടിയത്. ഇന്ന് ആറാം മിനിറ്റിൽ ഇസാക്കിലൂടെ ആയിരുന്നു ന്യൂകാസിൽ ലീഡ് എടുത്തത്. ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ആദ്യ ഗോൾ. പിന്നീട് ഡേവിഡ് മോയിസിന്റെ വെസ്റ്റ് ഹോം യുണൈറ്റഡ് തിരിച്ചടിക്കുന്നതാണ് കാണാനായത്.

ഇരുപത്തിയൊന്നാം മിനിറ്റിൽ അന്റോണിയോ അവർക്ക് സമനില നൽകി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് കുദുസ് വെസ്റ്റ് ഹാമിനു ലീഡും നൽകി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാമെന്ന് കരുതി ഇറങ്ങിയ ന്യൂകാസിലിന് തുടക്കത്തിൽ തന്നെ വീണ്ടും ഒരു പ്രഹരം കിട്ടി. 48ആം മിനിറ്റിൽ ജെറദ് ബോവനാണ് മൂന്നാം ഗോൾ നേടിയത്. സ്കോർ 3-1. കളി 77 മിനിട്ട് വരെ 3-1 എന്ന് തുടർന്നു.

ന്യൂകാസിൽ 24 03 30 20 15 39 961

77ആം മിനിറ്റിൽ വീണ്ടും ന്യൂകാസിലിന് അനുകൂലമായി ഒരു പെനാൽറ്റി കിട്ടി. വീണ്ടും ഇസാക് കിക്ക് പെനാൽറ്റി എടുത്ത് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ഇതോടെ സ്കോർ 3-2 എന്നായി. പിന്നെ യുവതാരം ഹാർവി ബാർൻസിന്റെ സമയമായിരുന്നു. 83ആം മിനിട്ടിൽ ബാർൺസ് ഗോൾ നേടി സമനില നൽകി. സ്കോർ 3-3.

പിന്നെ ഹോം ടീം വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. അവർ 90ആം മിനിട്ടിൽ വിജയഗോൾ നേടി. വീണ്ടും ഹാർവി ബാർൻസിന്റെ ബൂട്ടു. അവസാനം ഗോർദൻ ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ന്യൂകാസിലിന് വിജയം ഉറപ്പിക്കാനായി.

ഈ വിജയം ന്യൂകാസിലിന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് ജീവൻ നൽകും. 43 പോയിന്റുമായി ന്യൂകാസിൽ എട്ടാം സ്ഥാനത്തും 44 പോയിന്റുമായി വെസ്റ്റ് ഹാം ഏഴാം സ്ഥാനത്തും ആണ് ഉള്ളത്.