പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഫുൾഹാം, വോൾവ്സ്, കാർഡിഫ് ടീമുകൾക്ക് ഇനി ലീഗിൽ ആദ്യ മത്സരം. ഫുൾഹാം ഇന്ന് ക്രിസ്റ്റൽ പാലസിനെയും, വോൾവ്സ് എവർട്ടനെയും, കാർഡിഫ് ബൗർന്മൗത്തിനെയും നേരിടും. കൂടാതെ വാട്ട്ഫോർഡ് ഇന്ന് ബ്രയ്ട്ടനെയും നേരിടും.
ട്രാൻസ്ഫർ മാർക്കറ്റിൽ 12 പുതിയ കളിക്കാരെ ടീമിൽ എത്തിച്ചു കരുത്ത് കൂട്ടിയ ഫുൾഹാമിനെ നേരിടുക എന്നത് പാലസിന് വെല്ലുവിളിയാകും എന്നത് ഉറപ്പാണ്. ചാമ്പ്യൻഷിപ്പിൽ ആക്രമണ ഫുട്ബോൾ കൊണ്ട് പേര് കേട്ട ഫുൾഹാം അതേ ശൈലി തന്നെയാകും പ്രീമിയർ ലീഗിലും തുടരുക. മൈക്കൽ സീരി, ശുർലെ എന്നിവർ ഇന്ന് അരങ്ങേറിയേക്കും.
പാലസ് നിരയിലെ വമ്പൻ സാഹയെ തടയാനായാൽ അവർക്ക് മത്സരത്തിൽ പോയിന്റ് നേടാനായേക്കും.
മാർക്കോസ് സിൽവക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങുന്ന എവർട്ടൻ മികച്ച സ്കോടാണ് ട്രാൻസ്ഫർ മാർക്കറ്റിൽ കെട്ടി പടുത്തത്. എങ്കിലും ഇന്ന് വോൾവ്സിന് എതിരെ പുതിയ താരങ്ങളായ സൂമ, മിന, ഗോമസ് എന്നിവർ കളിക്കാൻ സാധ്യതയില്ല. റെക്കോർഡ് തുക മുടക്കി എത്തിച്ച റിച്ചാർലിസൻ ഇന്ന് അരങ്ങേറിയേക്കും. റൂബൻ നവാസാണ് വോൾവ്സിന്റെ കരുത്ത്. മധ്യനിരയിൽ താരം താളം കണ്ടെത്തിയാൽ എവർട്ടൻ പരുങ്ങിയേക്കും.
പ്രീമിയർ ലീഗിൽ തുടരുക എന്നത് മാത്രം ലക്ഷ്യം വെക്കുന്ന 2 ടീമുകളുടെ പോരാട്ടമാണ് ഇന്നത്തെ വാട്ട്ഫോർഡ്- ബ്രയ്റ്റൻ പോരാട്ടം. ബ്രയ്റ്റൻ നിരയിൽ പുതിയ താരം അലിറെസ ജെമ്പകഷ്‌ഇന്ന് അരങ്ങേറിയേക്കും. ചാവി ഗാർസിയയുടെ വാട്ട്ഫോർഡ് നിരയിൽ ചാലോഭ, ഡെലഫയു, ക്ളവർലി എന്നിവർ പരിക്ക് കാരണം കളിക്കില്ല.
കാർഡിഫ്- ബൗർന്മൗത്ത് പോരാട്ടത്തിൽ കാർഡിഫ് താരം ഹാരി ആർതറിന് കളിക്കാനാവില്ല. ബൗർന്മൗത്തിൽ നിന്ന് ലോണിൽ എത്തിയ താരത്തിന് അവർക്കെതിരെ കളിക്കാനാവില്ല. ബൗർന്മൗത്ത് നിരയിൽ നഥാൻ അകെ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. അവരുടെ റെക്കോർഡ് സൈനിംഗ് ലേർമ ഇന്ന് കളിക്കാൻ സാധ്യതയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial