പ്രതിരോധ താരം നതാൻ ആകെക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ സിറ്റി. താരവുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ആക്കെ പുതിയ കരാറിൽ ഒപ്പിടുമെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വരുമാനത്തിൽ വലിയ വർധനവ് തന്നെയാണ് സിറ്റി വാഗ്ദാനം ചെയ്യുന്നത്. കരാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ സീസണിൽ സിറ്റിയുടെ തകർപ്പൻ പ്രകടനത്തിലേക്ക് ആക്കെയുടെ സംഭാവനയും വലുതായിരുന്നു. ടീമിൽ ആദ്യ രണ്ടു സീസണുകളിൽ 10, 14 ലീഗ് മത്സരങ്ങൾ മാത്രം കളത്തിൽ ഇറങ്ങിയ താരം 26 ലീഗ് മാച്ചുകളിൽ കഴിഞ്ഞ സീസണിൽ സിറ്റിയുടെ ജേഴ്‌സി അണിഞ്ഞു. ബേൺമൗത്തിൽ നിന്നും 40 മില്യൺ പൗണ്ടിന് സിറ്റിയിലെത്തിയ താരത്തിന്റെ നിലവിലെ കരാർ 2025ഓടെ അവസാനിക്കും. പെപ്പിന്റെ തന്ത്രങ്ങളുമായി ഇഴുകിച്ചേർന്ന ആക്കെയെ ദീർഘനാൾ നിലനിർത്താൻ തന്നെയാണ് സിറ്റി ലക്ഷ്യമിടുന്നത്. അതേ സമയം ജോസ്കോ ഗ്വാർഡിയോളിന്റെ കൂടമാറ്റത്തെ കുറിച്ചും ആക്കെ പ്രതികരിച്ചു. ക്രൊയേഷ്യൻ താരം എത്തുന്നുണ്ടെങ്കിൽ ടീമിന് ഗുണകരമാണെന്നും തങ്ങളുടെ സ്ഥാനങ്ങൾക്ക് വേണ്ടി എല്ലാവരും പൊരുത്തേണ്ടി വരുമെന്നും ഇത് ടീമിന്റെ ആകെയുള്ള പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കും എന്നും ആക്കെ അഭിപ്രായപ്പെട്ടു.