പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക പോരാട്ടം. ടോട്ടൻഹാമിനെയാണ് അവർ ഓൾഡ് ട്രാഫോഡിൽ നേരിടുക. നാളെ പുലർച്ചെ 12.30 നാണ് മത്സരം.
ബ്രയിട്ടന് എതിരായ തോൽവിയോടെ പ്രതിസന്ധിയിലായ യുണൈറ്റഡിന് ഇന്ന് നിർണായകമാണ്. ടോട്ടൻഹാമാകട്ടെ ആദ്യ 2 മത്സരങ്ങളും ജയിച്ചു മികച്ച ഫോമിലാണ്. ജയത്തോടെ ഫോമിലേക്ക് മടങ്ങി എത്താനാകും യുണൈറ്റഡിന്റെ ശ്രമം.
സെൻട്രൽ ഡിഫൻസിൽ ഫോം ഇല്ലാത്തതാണ് മൗറീഞ്ഞോ നേരിടുന്ന പ്രധാന പ്രശ്നം. ബായിയും ലിണ്ടലോഫും തീർത്തും മോശം ഫോമിലാണ്. ഹാരി കെയ്ൻ അടക്കമുള്ള സ്പർസ് ആക്രമണ നിര മികച്ച ഫോമിലുമാണ്.
യുണൈറ്റഡ് നിരയിൽ വലൻസിയയും മാറ്റിച്ചും പരിക്ക് മാറി എത്തിയെങ്കിലും ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത വിരളമാണ്. സ്പർസ് നിരയിൽ വൻയാമയും കളിച്ചേക്കില്ല. ഓൾഡ് ട്രാഫോഡിൽ ഏറെ നാളായി സ്പർസിന് ജയിക്കാനായിട്ടില്ല. അവർ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ മൈതാനവും ഇതാണ്. അതുകൊണ്ട് തന്നെ ആ റെക്കോർഡ് തിരുത്താനാകും അവരുടെ ശ്രമം.