ലിവർപൂളിനെ തടഞ്ഞ് മോയിസ് മാജിക്ക്!! വെസ്റ്റ് ഹാം പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത്

അപരാജിതരായി 25 മത്സരങ്ങൾ പൂർത്തിയാക്കി മുന്നേറുക ആയിരുന്ന ലിവർപൂളിനെ മോയ്സ് തടഞ്ഞിരിക്കുകയാണ്. ഇന്ന് അപ്റ്റൺ പാർക്കിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ വെസ്റ്റ് ഹാമിനായി. ഇന്ന് തുടക്കത്തിൽ തന്നെ ലിവർപൂളിന് പിഴച്ചു. നാലാം മിനുട്ടിൽ അലിസന്റെ സെൽഫ് ഗോളിൽ ലിവർപൂൾ പിറകിലായി.

ഇതിന് 41ആം മിനുട്ടിൽ അർനോൾഡിന്റെ ഒരു മാരക ഫ്രീകിക്ക് ലിവർപൂളിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. പക്ഷെ ഇതിൽ ഒന്നും വെസ്റ്റ് ഹാം പതറിയില്ല. 67ആം മിനുട്ടിൽ ഫോർനാൽസിന്റെ സ്ട്രൈക്കിൽ വെസ്റ്റ് ഹാം 2-1ന് മുന്നിൽ എത്തി. ഏഴു മിനുട്ടുകൾക്ക് അപ്പുറം ഒരു കോർണറിൽ നിന്ന് സൗമയുടെ ഹെഡർ വെസ്റ്റ് ഹാമിനെ 3-1ന് മുന്നിൽ എത്തിച്ചു. 83ആം മിനുട്ടിലെ ഒറിഗിയുടെ ഗോൾ ലിവർപൂളിന് പ്രതീക്ഷ നൽകി എങ്കിലും പരാജയം ഒഴിവായില്ല.

ലിവർപൂളിന് 22 പോയിന്റും വെസ്റ്റ് ഹാമിന് 23 പോയിന്റുമാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റിക്കും 23 പോയിന്റാണ് ഉള്ളത് എങ്കിലും ഗോൾ ഡിഫറൻസിൽ അവർ വെസ്റ്റ് ഹാമിന് മുന്നിൽ നിൽക്കുന്നു.