മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോയെയും ബാക്ക് റൂം സ്റ്റാഫുകളെയും പുറത്താക്കാൻ ചിലവാക്കിയ തുക മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തുവിട്ടു. 19.6 മില്യൺ പൗണ്ട് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനായി ചിലവഴിച്ചത്. ഏകദേശം 156 കോടി ഇന്ത്യൻ രൂപ വരും ഇത്. ഡിസംബർ 18നാണ് മോശം പ്രകടനത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് മൗറിഞ്ഞോയെ പുറത്താക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാമ്പത്തിക റിപ്പോർട്ടിലാണ് മൗറിഞ്ഞോയെ പുറത്താക്കാൻ ചിലവഴിച്ച തുക വെളിപ്പെടുത്തിയത്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ ഡേവിഡ് മോയസിനും ലൂയിസ് വാൻ ഗാലിനും നൽകിയതിന്റെ നാല് ഇരട്ടിയാണ് മൗറിഞ്ഞോയെയും സഹ സ്റ്റാഫുകളെയും പുറത്താക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ചിലവഴിച്ചത്. മൗറിഞ്ഞോയെ കൂടാതെ 5 സഹ സ്റ്റാഫുകളെയും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയിരുന്നു. 2020വരെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൗറിഞ്ഞോയുടെ കരാർ ഉണ്ടായിരുന്നത്. മൗറിഞ്ഞോയെ പുറത്താക്കിയതിന് ശേഷം സ്ഥാനം ഏറ്റെടുത്ത സോൾഷ്യർ 12 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. മാത്രവുമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോപ് ഫോർ എത്തിക്കാനും സാധിച്ചിരുന്നു.