യുണൈറ്റഡ് ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ് പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞോ. സ്‌കോൾസ് ആകെ ചെയ്യുന്നത് വിമർശനം മാത്രമാണെന്നും സ്‌കോൾസ് അസാമാന്യ കളിക്കാരൻ ആയിരുന്നെന്നും എന്നാൽ എല്ലാവർക്കും അതുപോലെ ആവാനാവില്ലെന്നുമാണ് മൗറീഞ്ഞോ പ്രതികരിച്ചത്.
നേരത്തെ സൗത്താംപ്ടനെതിരെ യുണൈറ്റഡ് സമനില വഴങ്ങിയ ശേഷമാണ് സ്‌കോൾസ് പോഗ്ബക്കും യൂണൈറ്റഡിനുമെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. ബി ട്ടി സ്പോർട്സ് പണ്ഡിറ്റായ സ്‌കോൾസ് പോഗ്ബ 90 മില്യൺ താരത്തെ പോലെയല്ല കളിക്കുന്നതെന്നും പോഗ്ബ കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്നത് ടീമിന് ഗുണമല്ലെന്നും പ്രതികരിച്ചത്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ മൗറീഞ്ഞോ സ്‌കോൾസിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. സ്‌കോൾസ് കളിക്കാരൻ എന്ന നിലയിൽ അസാമാന്യ പ്രതിഭയായിരുന്നെന്നും എന്നാൽ ഫുട്‌ബോൾ പണ്ഡിറ്റ് എന്ന നിലയിൽ അങ്ങനെ കാണാൻ ആവില്ലെന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. കൂടാതെ പോഗ്ബ സ്‌കോൾസിനെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും നിലവിൽ അതാണ് ഫുട്‌ബോളിന്റെ അവസ്ഥ എന്നും മൗറീഞ്ഞോ പരിഹാസ രൂപേണ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാൾക്കെതിരെ ക്ലബ്ബിന്റെ നിലവിലെ പരിശീലകൻ തന്നെ രൂക്ഷ പരിഹാസവുമായി വന്നത് ഏതായാലും വരും ദിവസങ്ങളിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial