ചെൽസിയുടെ ഫ്രഞ്ച് ഡിഫൻഡർ കുർട് സൂമക്ക് പ്രശംസയുമായി മുൻ ചെൽസി പരിശീലകൻ ജോസ് മൗറീഞ്ഞോ. സൂമയെ പോലെ ഒരാൾ ഉള്ളപ്പോൾ ചെൽസി മറ്റൊരു ഡിഫണ്ടറെ സൈൻ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് താരത്തിന്റെ മുൻ പരിശീലകൻ കൂടിയായ മൗറീഞ്ഞോയുടെ പക്ഷം.
‘സൂമ ഇംഗ്ലണ്ടിലെ ചാംപ്യനാണ്, ചെൽസിക്ക് വേണ്ടി കളിച്ചു, സ്റ്റോക്കിന് വേണ്ടി കളിച്ചു, എവർട്ടന് വേണ്ടി കളിച്ചു, ഫ്രാൻസിന് വേണ്ടി കളിച്ചു. സൂമയേക്കാൾ നല്ലൊരു ഡിഫൻഡറെ വാങ്ങാൻ നിങ്ങൾ എവിടെ പോകാനാണ്’ എന്നാണ് മൗറീഞ്ഞോയുടെ വാക്കുകൾ. സൂമയെ ചെൽസി വീണ്ടും ലോണിൽ എവർട്ടനിലേക്ക് അയച്ചേക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് മൗറീഞ്ഞോ പ്രതികരണവുമായി എത്തിയത്.
2014 ൽ മൗറീഞ്ഞോ ചെൽസി പരിശീലകനായിരിക്കെയാണ് സൂമയെ ചെൽസി ഫ്രഞ്ച് ക്ലബ്ബ് സെന്റ് ഏറ്റിനെയിൽ നിന്ന് വാങ്ങുന്നത്. 2014-2015 സീസണിൽ മൗറീഞ്ഞോക്ക് കീഴിൽ ചെൽസി കിരീടം നേടിയപ്പോൾ സൂമ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ 2016 ൽ കാലിന് ഗുരുതര പരിക്ക് പറ്റിയതോടെ ഒരു വർഷത്തോളം താരത്തിന് പുറത്ത് ഇരിക്കേണ്ടി വന്നു. ഇതോടെ ചെൽസിയിൽ സ്ഥാനം നഷ്ടപ്പെട്ട സൂമ 2 സീസണുകളിൽ ലോണിലാണ് കളിച്ചത്.