ഗോളടിച്ചും അടിപ്പിച്ചും നാച്ചോ മോൻറിയാൽ മടങ്ങിവരവ് ഗംഭീരമാക്കിയപ്പോൾ ആഴ്സണലിന് ക്രിസ്റ്റൽ പാലസിനെതിരെ ഡെർബി ജയം. 1-4 നാണ് വെങ്ങറുടെ ടീം ജയം സ്വന്തമാക്കിയത്. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്ത നാച്ചോ മോൻറിയാൽ മത്സര ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയെങ്കിലും 34 ആം മിനുട്ടിൽ പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഈ 34 മിനുട്ടിനിടയിൽ പക്ഷെ ആഴ്സണൽ 3 ഗോളിന് മുന്നിലെത്തിയിരുന്നു.
സാഞ്ചസിന്റെ അഭാവത്തിൽ ഇവോബി ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ആറാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് സ്വന്തമാക്കി. ചാക്കയുടെ പാസ്സിൽ നിന്ന് മോൻറെയാൾ ആയിരുന്നു ഗോൾ സ്‌കോറർ. ഏറെ വൈകാതെ ആഴ്സണൽ രണ്ടും മൂന്നും ഗോളുകൾ നേടി. 10 ആം മിനുട്ടിൽ ഇവോബിയും 13 ആം മിനുട്ടിൽ കോശിയെൻലിയും ഗോൾ നേടിയതോടെ പാലസ് തീർത്തും പ്രതിരോധത്തിലായി. പക്ഷെ 22 ആം മിനുട്ടിൽ ആഴ്സണൽ ആക്രമനനിരയുടെ മനോഹര നീക്കത്തിനൊടുവിൽ ഓസിലിന്റെ അസിസ്റ്റിൽ ലകസറ്റേ നാലാം ഗോളും നേടി ആഴ്സണലിനെ ശക്തമായ നിലയിലെത്തിച്ചു. രണ്ടാം പകുതിയിൽ പാലസ് പ്രതിരോധം മെച്ചപ്പെടുത്തിയതോടെ ആഴ്സണൽ ലീഡ് ഉയർത്തുന്നത് തടയാനായെങ്കിലും ഗോൾ കണ്ടെത്താൻ പാലസിനായില്ല. 78 ആം മിനുട്ടിൽ ബെന്റെകെയുടെ പാസ്സിൽ മിലിയോവിക് പാലസിനായി ഒരു ഗോൾ മടക്കിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.
ജയത്തോടെ 42 പോയിന്റുള്ള ആഴ്സണൽ ആറാം സ്ഥാനത്ത് തുടരും. 25 പോയിന്റുള്ള പാലസ് 13 ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial