യുവതാരം മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായി നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടി. ഇന്ന് ആണ് ക്ലബ് റീടെയ്ൻഡ് പ്ലയേർസ് ലിസ്റ്റ് പുറത്തു വിട്ടത്. ഗ്രീൻവുഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനിയും മൂന്ന് വർഷത്തെ കരാർ ഉള്ളത് കൊണ്ടാണ് താരം ഈ ലിസ്റ്റിൽ വന്നത് എന്നും താരത്തിന്റെ മേൽ നടക്കുന്ന അന്വേഷണത്തിൽ യുണൈറ്റഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും ഫബ്രിസയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രീൻവുഡിന്റെ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടാനടാത്തിവന്നിരുന്ന ആഭ്യന്തരമായ അന്വേഷണം പൂർത്തിയായിട്ടുണ്ട്. താരം ക്ലബിൽ തുടരണോ വേണ്ടയോ എന്നത് പെട്ടെന്ന് തന്നെ തീരുമാനിച്ച് ക്ലബ് ഔദ്യോഗികമായി ആരാധകരെ അറിയിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുമോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.
ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്. ഗ്രീൻവുഡ് മികച്ച താരമാണ് എന്നും എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് താൻ അല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.