മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരീക്ഷിക്കാൻ വോൾവ്സ് ഇറങ്ങുന്നു

ഇന്ന് പ്രീമിയർ ലീഗിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പ്രീമിയർ ലീഗ് മികച്ച രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കരുത്തരായ വോൾവ്സിനെ ആണ് നേരിടുക. വോൾവ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. പരാജയപ്പെടുത്താൻ ഏറെ പ്രയാസമുള്ള ടീമാണ് വോൾവ്സ്. നൂനോയുടെ കീഴിൽ യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് വോൾവ്സ്.

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവ്സ് ലെസ്റ്റർ സിറ്റിയുമായി സമനിലയിൽ പിരിഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ ചെൽസിയെ 4-0ന് പരാജയപ്പെടുത്തി കൊണ്ടാണ് സീസൺ തുടങ്ങിയത്. ഹാരി മഗ്വയറും വാൻ ബിസാകയും വന്നതോടെ ഡിഫൻസ് ശക്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മെച്ചപ്പെട്ട പ്രകടന കാഴ്ചവെക്കാം എന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ സീസണിൽ മൂന്ന് തവണ വോൾവ്സും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടിയിരുന്നു. ഒരിക്കൽ പോലും വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നില്ല. ആ റെക്കോർഡ് തിരുത്തൽ ആകും യുണൈറ്റഡിന്റെ ലക്ഷ്യം. ഇന്ന് രാത്രി 12.30നാണ് മത്സരം.

Previous articleകൗട്ടീനോ ഇനി ബയേൺ മ്യൂണിക്കിന്റെ നമ്പർ 10
Next articleലെപ്സിഗിനെതിരെ മൗന പ്രതിഷേധവുമായി യൂണിയൻ ബെർലിൻ