മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ അവരുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. സൗതാമ്പ്ടണ് എതിരെ സമനില വഴങ്ങിയ നിരാശയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയ വഴിയിൽ എത്താൻ ഉറച്ചാണ് ഇറങ്ങുന്നത്. സെന്റർ ബാക്കായ വരാനെ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ ഇലവനിൽ ഇല്ല എങ്കിൽ സബ്ബായെങ്കിലും താരം അരങ്ങേറ്റം നടത്തും. സാഞ്ചോയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. മധ്യനിര ആകും ഇന്നും യുണൈറ്റഡിന്റെ ആശങ്ക.
മക്ടോമിനക്ക് പരിക്കേറ്റതിനായി മാറ്റിചിനെയും ഫ്രെഡിനെയും ആശ്രയിക്കേണ്ട ഗതിഗേടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വാൻ ഡെ ബീകിബെ മധ്യനിരയിൽ ഇറക്കാനുള്ള ധൈര്യം ഒലെ കാണിക്കുമോ എന്നത് കണ്ടറിയണം. കവാനിയും ഇന്ന് മാച്ച് സ്ക്വാഡിൽ എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ കളിയിൽ നിരാശയാർന്ന പ്രകടനം കാഴ്ചവെച്ച മാർഷ്യൽ ബെഞ്ചിലേക്ക് തിരികെ പോകും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ സൈനിംഗ് ആയ റൊണാൾഡോ സ്ക്വാഡിനൊപ്പം അടുത്ത മാസം മാത്രമെ ചേരുകയുള്ളൂ.
പുതിയ പരിശീലകൻ ബ്രൂണൊ ലാഗെയുടെ കീഴിൽ ആദ്യ രണ്ട് മത്സരങ്ങളും വോൾവ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ ലീഗ് കപ്പിൽ തിളക്കമാർന്ന വിജയം നേടാൻ അവർക്കായി. ബ്രൂണൊ ലാഗെക്ക് കീഴിൽ തീർത്തും അറ്റാക്കിംഗ് ഫുട്ബോൾ ആണ് വോൾവ്സ് കളിക്കുന്നത്. സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുന്ന വോൾവ്സ് വിജയം തന്നെയാകും ഇന്ന് ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം നടക്കുന്നത്.