പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് അതി നിർണായക പോരാട്ടമാണ്. ഇന്ന് ഓൾഡ് ട്രാഫോർഡിൽ വെച്ച് വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ലീഗിലെ അവരുടെ 37ആമത്തെ മത്സരം. ഇപ്പോൾ ലീഗിൽ അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാമതുള്ള ലെസ്റ്റർ സിറ്റിയെ മറികടക്കാനുള്ള സുവർണ്ണാവസരം. ഇന്ന് ഒരു പോയന്റ് എടുത്താൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം സ്ഥാനത്തേക്ക് മുന്നേറാം എങ്കിലും അവസാന മത്സരത്തിൽ യുണൈറ്റഡിന്റെ എതിരാളികൾ ലെസ്റ്റർ സിറ്റി ആണ് എന്നതു കൊണ്ട് ഇന്ന് വിജയമല്ലാതെ ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് തൃപ്തി നൽകില്ല.
ഇപ്പോൾ അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനും നാലാമതുള്ള ലെസ്റ്റർ സിറ്റിക്കും 62 പോയന്റ് വീതമാണ്. ഗോൾഡ് ഡിഫറൻസും തുല്യം. യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത് എന്നത് കൊണ്ട് ഇന്നത്തെ വിജയം യുണൈറ്റഡിനെ മൂന്ന് പോയന്റ് മുന്നിൽ എത്തിക്കും. മാത്രമല്ല ഇന്ന് 10.30ന് നടക്കുന്ന കളി വിജയിച്ചാൽ 63 പോയന്റുമായി മൂന്നാമത് നിൽക്കുന്ന ചെൽസിയെയും താൽക്കാലികമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് മറി കടക്കാം. ചെൽസിയുടെ മത്സരം രാത്രി 12.30ന് ലിവർപൂളിന് എതിരെയാണ്.
എന്നാൽ ഈ വിജയത്തിന് മുന്നിൽ എതിരാളിയായി നിൽക്കുന്ന വെസ്റ്റ് ഹാം അത്ര ചെറിയ എതിരാളികൾ അല്ല. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയ്സാൺ. വെസ്റ്റ് ഹാമിന്റെ പരിശീലകൻ. ഒപ്പം അവസാന രണ്ടു മത്സരങ്ങളിം വിജയിച്ച് നല്ല ഫോമിലും ആണ്. എന്നാൽ റിലഗേഷൻ ഭീഷണി ഒഴിവാറ്റ വെസ്റ്റ് ഹാമിന് ഈ മത്സര ഫലം എന്തായാലും പ്രത്യേകിച്ച് വ്യത്യാസം ഒന്നും നൽകാനില്ല.
അവസാന മത്സരത്തിൽ എഫ് എ കപ്പ് സെമിയിൽ ചെൽസിയോടേറ്റ ഭീകര പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാനസികമായി തളർത്തിയിട്ടും ഉണ്ട്. ഒപ്പം കീപ്പർ ഡി ഹിയയുടെ ഫോമും ക്ലബിനെ അലട്ടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ഇന്ന് എങ്ങനെ എങ്കിലും മൂന്ന് പോയിന്റ് നേടി തരും എന്നാണ് ക്ലബിന്റെ ആരാധകർ കരുതുന്നത്.