ക്ലബ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ട്രാൻസ്ഫറുകൾ നടത്തണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ്. ക്ലബ് ഏറ്റവും വലിയ ട്രോഫികൾക്കായി മത്സരിക്കണമെങ്കിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ നിക്ഷേപം നടത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏറ്റവും വലിയ ട്രോഫികൾക്കായി മത്സരിക്കാൻ ഫണ്ട് ആവശ്യമാണ്. മികച്ച കളിക്കാരെ സൈൻ ചെയ്യാൻ പണം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം.” ടെൻ ഹാഗ് പറയുന്നു.
ഈ സീസണിന് മുന്നോടിയായി യുണൈറ്റഡിന്റെ മാനേജരായി നിയമിതനായ ടെൻ ഹാഗ് ഇതുവരെ യുണൈറ്റഡിന് ലീഗ് കപ്പ് കിരീടം നേടിക്കൊടുക്കുകയും ഒപ്പം യുണൈറ്റഡിനെ എഫ് എ കപ്പ് ഫൈനലിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ എത്തണം എങ്കിൽ ഇനിയും വലിയ താരങ്ങളെ യുണൈറ്റഡ് കൊണ്ടു വരേണ്ടി വരും. ഹാരി കെയ്ൻ ഉൾപ്പെടെയുള്ള താരങ്ങളെ യുണൈറ്റഡ് ഇപ്പോൾ ലക്ഷ്യമിടുന്നുണ്ട്.