ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. രണ്ടുതവണ പിറകിൽ നിന്ന ശേഷം പൊരുതുയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയം സ്വന്തമാക്കിയത്. മഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒനാനയുടെ ഒരു പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്.
35ആം മിനിറ്റിൽ ഒനാന നൽകിയ ഒരു പാസ്സ് കൈക്ക് ആക്കി ജയ്ദൻ ബോഗ്ലെ ഷെഫീൽഡിന് ലീഡ് നൽകി. 42ആം മിനിറ്റിൽ മാഞ്ചസ്റ്റർ സെന്റർ ബാക്ക് ഹാരി മഗ്വയർ യുണൈറ്റഡിന് സമനില നൽകി. ഗർനാചോയുടെ ഒരു ക്രോസിൽ നിന്ന് ഒരു ഫ്ലിക് ഹെഡ്ഡറിലൂടെ ആയിരുന്നു മഗ്വയറിന്റെ ഗോൾ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഷെഫീൽഡ് മുന്നിലെത്തി. ബെരറ്റൺ ഡിയസ് ആയിരുന്നു ഷെഫീൽഡിന്റെ രണ്ടാം ഗോൾ നേടിയത്. ഇത്തവണയും പൊരുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61ആം മിനിറ്റിൽ ഒരു പെനാൽറ്റി കിട്ടി. ആ പെനാൽറ്റി ക്യാപ്റ്റൻ ബ്രൂണോ ലക്ഷ്യത്തിലെത്തിച്ച് സ്കോർ 2-2 എന്നാക്കി.
ഇതിനുശേഷം 81ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. പിന്നീട് 85ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽനിന്ന് റാസ്മസ് ഹൊയ്ലുണ്ട് കൂടെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. 33 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഇന്നത്തെ പരാജയത്തോടെ ഷെഫീൽഡിന്റെ റിലഗേഷൻ ഏതാണ്ട് ഉറപ്പായി.