മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന് ഇന്ന് നിർണായക മത്സരമാണ്. പ്രീമിയർ ലീഗിൽ പ്രധാന വൈരികളിൽ ഒന്നായ ആഴ്സണലിനെ ആണ് ഇന്ന് യുണൈറ്റഡ് നേരിടുന്നത്. ഈ മത്സരം ഒലെ ഗണ്ണാർ സോൾഷ്യാറുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനായുള്ള നൂറാം മത്സരമാണ്. 2018 ഡിസംബറിൽ ആയിരുന്നു ജോസെ മൗറീനോയ്ക്ക് പകരക്കാരനായി ഒലെ ഗണ്ണാർ സോൾഷ്യാർ എത്തിയത്. 11 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായായിരുന്നു ഒലെ ഗണ്ണാർ സോൾഷ്യാർ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പരിശീലക കരിയർ തുടങ്ങിയത്. എന്നാൽ അതിനു ശേഷം പല പ്രതിസന്ധികളും ഒലെയ്ക്ക് മാഞ്ചസ്റ്ററിൽ നേരിടേണ്ടി വന്നു.
എങ്കിലും ആദ്യ പൂർണ്ണ സീസണിൽ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാനും ഒപ്പം മൂന്ന് സെമി ഫൈനലുകളിൽ ടീമിനെ എത്തിക്കാനും ഒലെ ഗണ്ണാർ സോൾഷ്യാറിനായി. മികച്ച സൈനിംഗുകൾ നടത്തി യുണൈറ്റഡിന് പ്രതീക്ഷ നൽകാനും ഒലെയ്ക്ക് ആയി. ഇതുവരെ കളിച്ച 99 മത്സരങ്ങളിൽ 55 എണ്ണം യുണൈറ്റഡ് വിജയിച്ചു. 21 മത്സരങ്ങൾ സമനിലയിൽ ആയി. 23 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. ഈ കാലത്ത് 181 ഗോളുകൾ നേടിയ യുണൈറ്റഡ് 99 ഗോളുകൾ വഴങ്ങി.
ഇന്ന് വിജയത്തോടെ യുണൈറ്റഡിനെ ലീഗിൽ ആദ്യ പത്തിൽ എത്തിക്കുക ആകും ഒലെയുടെ ലക്ഷ്യം.