ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ യാത്ര തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടു. ലണ്ടണിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് വെസ്റ്റ് ഹാം യുണൈറ്റഡ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 9 ലീഗ് മത്സരങ്ങൾക്ക് ഇടയിലെ നാലാം പരാജയമാണിത്.
ഇന്ന് തുടക്കത്തിൽ നല്ല അവസരങ്ങൾ തുലച്ചതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്. ആദ്യ പകുതിയിൽ യുണൈറ്റഡിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കിലും ഒന്ന് പോലും ഗോളായി മാറിയില്ല. 9 മത്സരങ്ങളിൽ നിന്ന് ഇതുവരെ ആകെ 8 ഗോളുകളാണ് യുണൈറ്റഡ് നേടിയത്.
രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ചില മാറ്റങ്ങൾ നടത്തിയതോടെ കളി അവരുടെ നിയന്ത്രണത്തിൽ ആയി. 74ആം മിനുട്ടിൽ സമ്മർവിലെയിലൂടെ വെസ്റ്റ് ഹാം യുണൈറ്റഡ് അർഹിച്ച ലീഡ് എടുത്തു. ഇതിനു പിന്നാലെ കസെമിറോയുടെ ഹെഡറിലൂടെ സമനില പിടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. സ്കോർ 1-1.
എന്നാൽ കളിയുടെ അവസാനം ഒരു വിവാദ പെനാൾട്ടി തീരുമാനം വെസ്റ്റ് ഹാമിന് വിജയ ഗോൾ കണ്ടെത്താൻ സഹായകമായി. ഇംഗ്സിനെ ഡി ലിറ്റ് വീഴ്ത്തിയതിന് കിട്ടിയ പെനാൾറ്റി ജെറാഡ് ബോവൻ ലക്ഷ്യത്തിൽ എത്തിച്ച് വെസ്റ്റ് ഹാമിന് ജയം നൽകി.
ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 11 പോയിന്റുമായി ലീഗിൽ 14ആം സ്ഥാനത്ത് നിൽക്കുകയാണ്.