മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ ചുവന്ന ചെകുത്താന്മാർ ആയി മാറുകയാണ്. ഇന്ന് പ്രീമിയർ ലീഗിൽ മറ്റൊരു അറ്റാക്കിംഗ് പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വിരുന്നൊരുക്കി. ഇന്ന് ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി മാർക്കസ് റാഷ്ഫോർഡ് ആണ് ഇന്നും യുണൈറ്റഡ് നിരയിൽ സ്റ്റാർ ആയത്.
വ്യാഴാഴ്ച ബാഴ്സലോണയെ യൂറോപ്പ ലീഗയിൽ നേരിടാൻ ഉണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ശക്തമായ ടീമിനെ തന്നെയാണ് ഇന്ന് കളത്തിൽ ഇറക്കിയത്. ഇന്നും അറ്റാക്ക് ചെയ്യുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിച്ചത് ലെസ്റ്റർ സിറ്റിയാണ്. ഡി ഹിയയുടെ രണ്ട് ലോകോത്തര സേവുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ പകുതിയിൽ രക്ഷിച്ചത്. ഇതിനു പിന്നാലെ ബ്രൂണോയുടെ ഒരു ഗംഭീര പാസ് റാഷ്ഫോർഡിനെ കണ്ടെത്തി. അപാര ഫോമിൽ ഉള്ള റാഷ്ഫോർഡിന് പിഴച്ചില്ല. സ്കോർ 1-0. റാഷ്ഫോർഡിന്റെ സീസണിലെ 23ആം ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ബ്രൂണോയുടെ ഒരു പാസിൽ നിന്ന് ഡാലോട്ടും ഗോളിന് അടുത്ത് എത്തി. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികളായി. ഒന്നിനെതിരെ ഒന്നായി യുണൈറ്റഡ് അറ്റാക്ക് നടത്തി. 58ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് വീണ്ടും വല കുലുക്കി. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് മൈതാന മധ്യത്ത് നിന്ന് കുതിച്ചായിരുന്നു റാഷ്ഫോർഡിന്റെ രണ്ടാം ഗോൾ. സീസണിലെ 24ആം ഗോൾ.
യുണൈറ്റഡ് അറ്റാക്ക് നിർത്തിയില്ല. നാലു മിനുട്ടിനു ശേഷം സാഞ്ചോയിലൂടെ യുണൈറ്റഡിന്റെ മൂന്നാം ഗോൾ. ബ്രൂണോയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഫിനിഷ്. സ്കോർ 3-0.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 49 പോയിന്റിൽ എത്തി. മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും രണ്ടാമതുള്ള സിറ്റിയും തമ്മിൽ ഇപ്പോൾ 3 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഇപ്പോൾ ഉള്ളൂ. ലെസ്റ്റർ സിറ്റി 24 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.