പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടം വൈകിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് ലീഗിൽ ലെസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതോടെ പ്രീമിയർ ലീഗ് കിരീടം സിറ്റി സ്വന്തമാക്കി. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി വിജയിച്ചത്. ഈ സീസണിൽ ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്ന അഞ്ചാമത്തെ ലീഗ് മത്സരമാണിത്. എവേ മത്സരത്തിൽ ഒന്നു പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിട്ടില്ല.

ഇന്ന് ഭൂരിഭാഗം പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങിയത്. യുവതാരങ്ങളായ എലാംഗയും അമദ് ട്രയോരെയും പ്രീമിയർ ലീഗിൽ ആദ്യമായി ആദ്യ ഇലവനിൽ എത്തുന്നതും ഇന്ന് കണ്ടു. എലാംഗയുടെ യുണൈറ്റഡ് അരങ്ങേറ്റമായിരുന്നു ഇത്. മത്സരം മികച്ച രീതിയിൽ തുടങ്ങിയത് ലെസ്റ്റർ സിറ്റി ആയിരുന്നു. പത്താം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ലെസ്റ്റർ സിറ്റിക്ക് ഇന്നായി.

19കാരനായ ലൂക് തോമസിന്റെ വക ആയിരുന്നു ലെസ്റ്ററിന്റെ ആദ്യ ഗോൾ. യൂറി ടൈലമൻസിന്റെ ക്രോസിൽ നിന്ന് ഒരു മനോഹര ഇടം കാലൻ വോളിയിലൂടെ തോമസ് പന്ത് ടോപ് കോർണറിൽ എത്തിച്ചു. ഈ ഗോളിന് ശേഷം ഉണർന്നു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അധികം വൈകാതെ സമനില കണ്ടെത്തി. യുണൈറ്റഡിന്റെ ഗോളും ഒരു പത്തൊമ്പതുകാരന്റെ വക ആയിരുന്നു. ഗംഭീര ഫോമിൽ ഉള്ള ഗ്രീൻവുഡ് ആയിരുന്നു സമനില ഗോൾ നേടിയത്.

15ആം മിനുട്ടിൽ അമദ് നൽകിയ പാസ് സ്വീകരിക്കുമ്പോൾ ഗ്രീൻവുഡിന് ചുറ്റും ലെസ്റ്റർ ഡിഫൻസ് മുഴുവൻ ഉണ്ടായിരുന്നു. എന്നിട്ടും അവരെ മറികടന്ന് മുന്നേറി ഫിനിഷ് ചെയ്യാൻ ഗ്രീൻവുഡിനായി. അവസാന ആറു ലീഗ് മത്സരങ്ങൾക്ക് ഇടയിലെ ഗ്രീൻവുഡിന്റെ ആറാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഇഹെനാചോക്ക് ലെസ്റ്ററിനെ ലീഡിൽ എത്തിക്കാൻ വലിയ ഒരു അവസരം കിട്ടി എങ്കിലും സേവുമായി ഡിഹിയ യുണൈറ്റഡിന്റെ രക്ഷകനായി. കളി ലെസ്റ്ററിന്റെ നിയന്ത്രണത്തിലാലുന്നത് കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് കവാനിയെയും റാഷ്ഫോർഡിനെയും കളത്തിൽ എത്തിച്ചു. എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ ലെസ്റ്റർ ഗോൾ നേടിക്കൊണ്ട് ലീഡ് തിരികെ നേടി. കോർണറിൽ നിന്ന് സൊയുഞ്ചുവിന്റെ ഹെഡറാണ് ഡി ഹിയയെ കീഴ്പ്പെടുത്തിയത്.

ഇതിനു ശേഷം യുണൈറ്റഡ് ബ്രൂണൊ ഫെർണാണ്ടസിനെയും ഇറക്കി നോക്കി എങ്കിലും ഫലം ഉണ്ടായില്ല. ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി 66 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന് 70 പോയിന്റാണ് ഉള്ളത്. ഇനിയും ഒരു മത്സരം കൂടെ വിജയിച്ചാൽ മാത്രമെ യുണൈറ്റഡിന് രണ്ടാം സ്ഥാനം ഉറപ്പാവുകയുള്ളൂ.