മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ശ്രമങ്ങളിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സർ ജിം റാറ്റ്ക്ലിഫ് വിജയിച്ചു. റാറ്റ്ക്ലിഫ് ക്ലബിന്റെ ഒഹരികൾ സ്വന്തമാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറിയിച്ചു. ഖത്തർ ഗ്രൂപ്പ് ബിഡ് പിൻവലിച്ചതിനു പിന്നാലെ റാറ്റ്ക്ലിഫിന് ക്ലബിന്റെ 25% ഉടമസ്ഥാവകാശം നൽകാൻ ഗ്ലേസേഴ്സ് തീരുമാനിച്ചിരുന്നു. പക്ഷെ എന്നിട്ടും ഏറെ കാലമെടുത്തു ആ തീരുമാനം നടപടിയായി മാറാൻ.
ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിലെ സ്പോർട്സ് സംബന്ധിച്ച തീരുമാനങ്ങൾ എല്ലാം ഇനിയോസ് ഗ്രൂപ്പ് ആകും എടുക്കുക. ഗ്ലേസേഴ്സ് കായികപരമായ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടു പോകും. 300 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനിയോസ് ഉടൻ നിക്ഷേപിക്കും. ജനുവരിയിലെ ട്രാൻസ്ഫർ കാര്യങ്ങളും ഇനിയോസ് ഗ്രൂപ്പ് ആകും നിയന്ത്രിക്കുക.
വരും വർഷങ്ങളിൽ കൂടുതൽ ഓഹരികൾ റാറ്റ്ക്ലിഫിന് നൽകാൻ ഗ്ലേസേഴ്സ് പദ്ധതിയുണ്ട്. എങ്കിലും ഒരു ഗ്ലേസേഴ്സ് മുക്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടാകാൻ ഉള്ള സാധ്യത വിദൂരത്താണ്.
ഫ്രഞ്ച് ടീമായ ഒജിസി നീസിന്റെ ഉടമ കൂടിയാണ് റാറ്റ്ക്ലിഫ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസ് കമ്പനിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ആണ് റാറ്റ്ക്ലിഫ്.