മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇനിയും എത്ര കാലം ഈ ദുരിതം!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇതിഹാസ ക്ലബ് ആരാധകരും ഫുട്ബോൾ ലോകവും ആഗ്രഹിക്കാത്ത ദുരന്ത പാദയിലൂടെ തന്നെ യാത്രയാവുകയാണ്. സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഫെർഗൂസൺ പിടിച്ചു മുന്നോട്ട് നടത്തിയ വഴികളെല്ലാം മറന്ന് വഴി തെറ്റി പിറകോട്ട് നടക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ അവസാന അഞ്ചു വർഷങ്ങളിലും. പണ്ട് ഇംഗ്ലീഷ് ഫുട്ബോളിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ ലിവർപൂൾ ഇങ്ങനെ തിരിഞ്ഞ് നടന്നിട്ടുണ്ട്. അങ്ങ് ഇറ്റലിയിൽ മിലാൻ വർഷങ്ങളായി പിറകോട്ട് തന്നെ നടക്കുകയാണ്. ചരിത്രം മാത്രം പറഞ്ഞ് പിടിച്ചു നിൽക്കുന്ന ഗതിയിലേക്ക് മാഞ്ചസ്റ്റർ ആരാധകർ മാറുന്നുണ്ട് എങ്കിൽ അത് അത്ര നല്ല ഗതി അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചറിയണം.

ഡേവിഡ് മോയ്സും, വാൻ ഹാലും ഉള്ളപ്പോൾ മാനേജർമാരായിരുന്നു മാഞ്ചസ്റ്ററിന്റെ പ്രശ്നം. അന്ന് ഒക്കെ ക്ഷമിക്കാനും ഫെർഗൂസന്റെ വിടവ് ശരിയാക്കാൻ സമയം എടുക്കും എന്നു മനസ്സിലാക്കാനും ഒക്കെ യുണൈറ്റഡ് ആരാധകർ അടക്കം എല്ലാവരും ഒരുക്കമായിരുന്നു. ഇന്ന് വെറും മാനേജർ മാത്രമല്ല യുണൈറ്റഡിലെ പ്രശ്നം. ബോർഡും കളിക്കാരും മാനേജരും ഒക്കെ ഒരേ സമയം ക്ലബിനെയും ആരാധകരെയും കൈവിടുകയാണ്.

മൗറീനോയെ കഴിഞ്ഞ സീസണിലെ കിരീടമില്ലാത്ത വർഷത്തിനു ശേഷവും യുണൈറ്റഡിൽ തുടരാൻ അനുവദിച്ച ബോർഡ് പക്ഷെ മൗറീനോ ആവശ്യപ്പെട്ടത് ഒന്നും കൊടുക്കാൻ തയ്യാറായില്ല. വർഷങ്ങളായി റൈറ്റ് വിങ്ങിൽ ഒരു താരമില്ല യുണൈറ്റഡിന്. സെന്റർ ബാക്കിൽ കളിക്കുന്നത് അബദ്ധങ്ങളിൽ മാത്രം സ്ഥിരതയുള്ള കുറച്ചുപേർ. ഇപ്പോൾ ലൂക് ഷോ ഭാഗ്യത്തിന് ഫിറ്റായി ഉണ്ടെങ്കിലും ഒരു ലെഫ്റ്റ് ബാക്കും യുണൈറ്റഡിന് ശരിക്കുമുണ്ടായിരുന്നില്ല. മൗറീനോ ആവശ്യപ്പെട്ട ഒരു പൊസിഷനിലും ഇത്തവണ താരങ്ങൾ എത്തിയില്ല. താരങ്ങളെ വളർത്തി കൊണ്ടുവരുന്നതിന് പേരു കേട്ടിട്ടില്ലാത്ത മൗറീനോയ്ക്ക് ആവശ്യമുള്ള താരങ്ങളെ കൊടുക്കാൻ കഴിയില്ല എങ്കിലും എന്തിനാണ് ക്ലബ് മൗറീനീയെ നിലനിർത്തിയത് എന്ന ചോദ്യം ഉയരുന്നു. ക്ലബ് ഈ മോശം ഫലങ്ങൾക്ക് ഇടയിലും ലോകത്തെ ഏറ്റവും ലാഭത്തിലുള്ള ക്ലബാണ് എന്നത് മതിയാകും ബോർഡിന്.

മൗറീനോയും ക്ലബിന് നല്ലത് അല്ല തരുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ വോൾവ്സും ഡെർബിയും യുണൈറ്റഡിന്റെ ഹോമിൽ വന്നാണ് യുണൈറ്റഡിനെ വിറപ്പിച്ച് പോയത്. അതിനു മുമ്പ് സ്പർസിന്റെ കയ്യിൽ നിന്ന് ഏറ്റ വൻ പരാജയവും. ഒരു വമ്പൻ ടീമായ യുണൈറ്റഡ് പത്ത് പേരെ ഡിഫൻസിൽ കളിപ്പിക്കുന്നതും സിറ്റ് ബാക്ക് ചെയ്യുന്നതും ഏത് ആരാധകനാണ് ഉൾക്കൊള്ളാൻ കഴിയുക. ഏഴ് ഗോൾ അടിച്ചു നിൽക്കുമ്പോഴും എട്ടാം ഗോളിനായി രണ്ട് ഫുൾബാക്കും ഓവർലാപ് ചെയ്തു വന്നിരുന്ന സർ അലൽസ് ഫെർഗൂസൺ പഠിപ്പിച്ച കളികണ്ട് വളർന്ന യുണൈറ്റഡ് ആരാധകർ ആണ് ഈ ബസ് പാർക്കിംഗ് ദുരിതം കാണേണ്ടി വരുന്നത് എന്ന് ഓർക്കുക. എന്നിട്ടും ആ ആരാധകർ മൗറീനോയോട് കൂറു കാണിക്കുന്നു എന്നത് ആരാധകരുടെ ഗുണം മാത്രം.

ഇനി താരങ്ങൾ. പോൾ പോഗ്ബയെ പോലെ ക്ലബിൽ വളർന്ന് വന്ന താരങ്ങൾ ക്ലബിനേക്കാൾ വലുത് താനാണെന്ന് ധരിക്കുകയും എന്നിട്ട് ക്യാപ്റ്റൻ ആം ബാൻഡ് അണിയുകയും ചെയ്യുന്നു. ക്ലബിനെ മത്സരത്തിൽ നയിച്ചതിന്റെ പിറ്റേന്നാണ് താൻ ബാഴ്സലോണയിലേക്ക് പോകുമെന്ന സൂചന മാധ്യമങ്ങളോട് പോഗ്ബ നൽകുന്നത്. പോൾ സ്കോൾസും ഗിഗ്സും കീനും കാന്റോണയും നെവിലും ഒക്കെ പോലുള്ള ക്ലബിന്റെ ക്രസ്റ്റിന് നെഞ്ചിനു മേലെ അല്ല അകത്ത് തന്നെ സ്ഥാനം കൊടുത്തവരുടെ ക്ലബായിരുന്നു യുണൈറ്റഡ്. അവിടെയാണ് അതേ ജേഴ്സിയും അണിഞ്ഞ് ക്ലബ് തന്റെ ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ന് ഉള്ളത്.

മാഞ്ചസ്റ്ററിലെ ഈ ദുരിതങ്ങൾക്ക് എന്ന് അന്ത്യമാകും എന്ന് ആർക്കും അറിയില്ല‌. ഒരോ ജയവും കണ്ട് ഇതിൽ നിന്ന് വീണ്ടും യുണൈറ്റഡ് പുനർജനിക്കുകയാണെന്ന് കരുതാൻ കെല്പുള്ള അരാധകർ മാത്രമാണ് ഇപ്പോൾ യുണൈറ്റഡിൽ മര്യാദിക്കുള്ളൂ എന്നതാണ് സത്യം.

Advertisement