മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥയിൽ അതിയായ സങ്കടം ഉണ്ട് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ പാട്രിസ് എവ്ര. ഇന്നലെ സ്പർസിനെതിരെ 6-1ന്റെ വൻ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടിരുന്നു. ഇതിനു ശേഷമായിരുന്നു എവ്രയുടെ പ്രതികരണം. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്ന് എവ്ര പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ ആലോചിച്ച് തനിക്ക് സങ്കടം ഉണ്ട് എന്നും അവർ ഇതിലും മികച്ച അർഹിക്കുന്നു എന്നും എവ്ര പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രശ്നം പരിശീലകർക്ക് അല്ല എന്നും ബോർഡിന്റെ ആണെന്നും എവ്ര പറഞ്ഞു. ഫുട്ബോളിനെ കുറിച്ച് ഒരു ബോധവും ഇല്ലാത്തവരാണ് യുണൈറ്റഡ് ബോർഡിൽ ഉള്ളത്. താൻ ആക്രമണത്തെ എതിർക്കുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പലർക്കും തല്ല് കിട്ടാത്തതിന്റെ കുറവ് ഉണ്ട് എന്നും എവ്ര പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയറിനെയും എവ്ര രൂക്ഷമായി വിമർശിച്ചു. മഗ്വയറിന് ഒരു പങ്കാളിയെ അല്ല യുണൈറ്റഡ് കണ്ടെത്തേണ്ടത്, മഗ്വയറിനെ തന്നെ ടീമിൽ നിന്ന് പുറത്തിടണം എന്നും എവ്ര പറഞ്ഞു.