പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ഓൾഡ്ട്രാഫോർഡി നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മക്ടോമിനയും മാർഷ്യലുമാണ് യുണൈറ്റഡിനായി ഗോൾ നേടിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കളിച്ച ഏറ്റവും മികച്ച ആദ്യ പകുതി ആയിരുന്നു ഇന്ന് കാണാൻ ആയത്. തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയ യുണൈറ്റഡ് ആദ്യ പകുതിയിൽ 21 ഷോട്ടുകൾ തൊടുത്തു. പക്ഷെ ഒരു ഗോൾ മാത്രമെ ആദ്യ പകുതിയിൽ വന്നുള്ളൂ. പിക്ക് ഫോർഡിന്റെ മികച്ച സേവുകളും യുണൈറ്റഡ് താരങ്ങളും മോശം ഫിനിഷിംഗും എവർട്ടണെ സഹായിച്ചു. മത്സരത്തിന്റെ 36ആം മിനുട്ടിൽ സാഞ്ചോയുടെ പാസ് സ്വീകരിച്ച് മക്ടോമിനെ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്.
റാഷ്ഫോർഡും ആന്റണിയും വാൻ ബിസാകയും എല്ലാം മികച്ച ഗോളവസരങ്ങൾ തുലച്ചു കളഞ്ഞു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിനെ കളത്തിൽ ഇറക്കി. 71ആം മിനുട്ടിൽ മാർഷ്യലിന്റെ ഗോൾ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. എവർട്ടൺ ക്യാപ്റ്റൻ കോൾമാന്റെ ഒരു അബദ്ധം റാഷ്ഫോർഡിന് പന്ത് സമ്മാനിക്കുകയും റാഷ്ഫോർഡ് പന്ത് മാർഷലിന് കൈമാറുകയും ചെയ്തു. മാർഷ്യൽ പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0
മത്സരത്തിൽ അവസാന 10 മിനുട്ടിൽ എറിക്സൺ പരിക്ക് മാറി എത്തിയത് യുണൈറ്റഡ് ആരാധകർക്കും സന്തോഷം നൽകി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 29 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. എവർട്ടൺ 27 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.