മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് സതാമ്പ്ടൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് എവേ ഗ്രൗണ്ടിൽ സതാമ്പ്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1ന്റെ സമനില ആണ് വഴങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടിയത്.

ഇന്ന് സെന്റ് മേരീസ് സ്റ്റേഡിയത്തിൽ വാർഡ് പ്രോസിന്റെ ഒരു ഫ്രീകിക്കോടെയാണ് കളി ആരംഭിച്ചത്. ഫ്രീകിക്ക് സമർത്ഥമായി ഡി ഹിയ തട്ടിയകറ്റി. ഇതിനു പിന്നാലെ സെറ്റ് പീസുകളിൽ നിന്ന് മൂന്ന് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. എന്നാൽ ഒന്നു പോലും ലക്ഷ്യത്തിൽ എത്തിയില്ല. മാർഷ്യലിന്റെ ഒരു ഹെഡർ ആവട്ടെ സതാമ്പ്ടൺ ഡിഫൻസ് ഗോൾ ലൈനിൽ വെച്ച് രക്ഷപ്പെടുത്തി. കളി പുരോഗമിക്കും തോറും സതാമ്പ്ടൺ കൂടുതൽ മെച്ചപ്പെട്ടു വന്നു. ഫ്രെഡും മാറ്റിചും അടങ്ങിയ യുണൈറ്റഡ് മധ്യനിര പാസ് പോലും ചെയ്യാൻ ആകാതെ വിഷമിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ ഫുട്ബോളിന്റെ ഫലമായി തന്നെ സതാമ്പ്ടന്റെ ആദ്യ ഗോൾ പിറന്നു. കളിയുടെ 30ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നഷ്ടപ്പെടുത്തിയ പന്ത് കൈക്കലാക്കിയ സതാമ്പ്ടൺ ചെ ആഡംസിന്റെ ഒരു ഷോട്ടിൽ നിന്ന് വല കണ്ടെത്തി. ഫ്രെഡിന്റെ കാലിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെയാണ് പന്ത് വലയിൽ എത്തിയത്. ഫ്രെഡിന്റെ സെൽഫ് ഗോളായി ഇത് കണക്കാക്കി.‌

രണ്ടാം പകുതിയിൽ തിരിച്ചുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 55ആം മിനുട്ടിൽ യുവതാരം ഗ്രീൻവുഡ് ആണ് യുണൈറ്റഡിന് സമനില നൽകിയത്. പോഗ്ബയും ബ്രൂണോ ഫെർണാണ്ടസും കൂടെ പെനാൾട്ടി ബോക്സിൽ നടത്തിയ മികച്ച നീക്കത്തിനൊടുവിലാണ് ഗ്രീൻവുഡിന്റെ ഗോൾ വന്നത്. താരത്തിന്റെ സീസണിലെ രണ്ടാം ഗോളാണിത്. പോഗ്ബയുടെ സീസണിലെ അഞ്ചാം അസിസ്റ്റും.

വിജയിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിനെ മാറ്റി ജേഡൻ സാഞ്ചോയെ ഇറക്കി. പോഗ്ബയിലൂടെയും ബ്രൂണോയിലൂടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളിന് അടുത്ത് എത്തിയെങ്കിലും കളി സമനിലയിൽ തുടർന്നു. 74ആം മിനുട്ടിൽ മഗ്വയറിന്റെ പിഴവിൽ നിന്ന് സതാമ്പ്ടണ് ഒരു അവസരം ലഭിച്ചു. പക്ഷെ ആം സ്ട്രോങിന്റെ ഷോട്ട് ഗംഭീര സേവിലൂടെ ഡി ഹിയ ലക്ഷ്യത്തിൽ നിന്ന് അകറ്റി. വാർഡ് പ്രോസിന്റെ ഒരു ഫ്രീകിക്കും ഡിഹിയ രക്ഷപ്പെടുത്തി.

അവസാന നിമിഷങ്ങളിൽ യുണൈറ്റഡിനു മേൽ വലിയ സമ്മർദ്ദം ഉയർത്താൻ സതാമ്പ്ടണായി. യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിക്കാൻ കഷ്ടപ്പെടുകയും ചെയ്തു. അവസാനം യുണൈറ്റഡ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. ഈ സമനിലയോടെ 27 എവേ മത്സരങ്ങളിൽ അപരാജിതരായി ആഴ്സണലിന്റെ റെക്കോർഡിനൊപ്പം എത്താൻ യുണൈറ്റഡിനായി.