ആളിക്കത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിര!! ബ്രൈറ്റണെതിരെ ഗംഭീര ജയം

തങ്ങളുടെ പഴയ ഫോമിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ കണ്ടത്. ഇന്ന് ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് നിര ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം ആണ് സ്വന്തമാക്കിയത്. പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വേഗത കൊണ്ട് ബ്രൈറ്റണെ തകർക്കുന്നതാണ് ഇന്ന് കണ്ടത്.

മത്സരത്തിന്റെ തുടക്കം മുതൽ ജെയിംസ്, മാർഷ്യൽ, റാഷ്ഫോർഡ് എന്നീ താരങ്ങൾക്ക് മുന്നിൽ ബ്രൈറ്റൺ കഷ്ടപ്പെടുകയായിരുന്നു. ആദ്യ 19 മിനുട്ടിൽ തന്നെ യുണൈറ്റഡ് 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആദ്യം 17ആം മിനുട്ടിൽ പെരേര യുണൈറ്റഡിനെ മുന്നിക് എത്തിച്ചു. പിന്നാലെ 19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലീഡ് ഇരട്ടിയാക്കാനും യുണൈറ്റഡിനായി.

കളിയുടെ രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് ബ്രൈറ്റൺ ഒരു ഗോൾ തിരിച്ചടിച്ചത് യുണൈറ്റഡിനെ ഒന്ന് ഞെട്ടിച്ചു എങ്കിലും പെട്ടെന്ന് മൂന്നാം ഗോൾ നേടാൻ യുണൈറ്റഡിനായി. റാഷ്ഫോർഡ് ആയിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടിയത്. രണ്ട് അസിസ്റ്റുകളുമായി മാർഷ്യൽ ഇന്ന് ഗംഭീര പ്രകടനം കാഴ്ചവെച്ചു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച് യുണൈറ്റഡ് മൂന്നിൽ കൂടുതൽ ഗോൾ നേടാത്തത് നിർഭാഗ്യകരം മാത്രമായിരുന്നു. ഈ വിജയത്തോടെ യുണൈറ്റഡ് ലീഗിൽ ഏഴാം സ്ഥാനത്തേക്ക് എത്തി.

Previous articleടി20 ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മൈക്കിൾ വോൺ
Next articleബെംഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം