മാഞ്ചസ്റ്റർ യുണൈറ്റഡിനോട് എഫ് എ കപ്പ് തോൽവിക്ക് പക വീട്ടി ബ്രൈറ്റൺ. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ നേടിയ പെനാൾട്ടിയിലൂടെയാണ് ബ്രൈറ്റൺ വിജയം നേടിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ട് തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടപ്പോഴും വിജയം ബ്രൈറ്റണായിരുന്നു.
ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടമായിരുന്നു കണ്ടത്. 100% നൽകി പോരാടിയ രണ്ടു ടീമുകളും മത്സരം ആവേശകരമാക്കി. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ആന്റണിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും യുണൈറ്റഡിനെ മുന്നിൽ എത്തിക്കാൻ ബ്രസീലിയൻ താരത്തിനായില്ല. ബ്രൈറ്റന്റെ ആദ്യ അവസരം മിറ്റോമയിലൂടെ ആയിരുന്നു. മിറ്റോമയുടെ ഷോട്ട് ഡി ഹിയ സേവ് ചെയ്തു.
ആദ്യ പകുതിയിൽ റാഷ്ഫോർഡും മാർഷ്യലും എല്ലാം ഗോളിനടുത്ത് എത്തി എങ്കിലും സ്കോർ ബോർഡ് തുറന്നില്ല. രണ്ടാം പകുതിയിൽ ബ്രൈറ്റൺ കൂടുതൽ ആക്രമണത്തിലേക്ക് തിരിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര ഡിഫൻഡിംഗ് ഗോളില്ലാതെ മത്സരം തുടരാൻ കാരണമായി. 90ആം മിനുട്ടിൽ മകാലിസ്റ്ററിന്റെ ഒരു ഇടം കാലൻ ഷോട്ട് ഡി ഹിയ സേവ് ചെയ്തു.
95ആം മിനുട്ടിൽ ഗോൾ ലൈൻ സേവും ഡി ഹിയയുടെ സേവും യുണൈറ്റഡിനെ രക്ഷിച്ചു എന്ന് കരുതി എങ്കിലും വാർ ബ്രൈറ്റന്റെ രക്ഷക്ക് എത്തി. ലൂക് ഷോയുടെ ഒരു ഹാൻഡ് ബോളിന് ബ്രൈറ്റണ് അനുകൂലമായി പെനാൾട്ടി നൽകി. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മകാലിസ്റ്റർ ബ്രൈറ്റണ് നാടകീയ വിജയം നൽകി.
ഈ വിജയത്തോടെ ബ്രൈറ്റൺ 32 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി 6ആം സ്ഥാനത്ത് എത്തി. അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമായി. 33 മത്സരങ്ങളിൽ നിന്ന് 63 പോയിന്റ് ഉള്ള യുണൈറ്റഡ് ഇപ്പോഴും നാലാമത് തുടരുന്നു.