മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്ത്ർഴുന്നേറ്റു എന്ന് തോന്നിപ്പിച്ച രാത്രി ആയിരുന്നു ഇന്നത്തെത്. ആസ്റ്റൺ വില്ലക്ക് എതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന്റെ വിജയം ആണ് ഇന്ന് നേടിയത്. ഗർനാചോയുടെ ഇരട്ട ഗോളും ഹൊയ്ലുണ്ടിന്റെ വിന്നറും മാഞ്ചസ്റ്റർ യുണൈറ്റഡിന് തുണയായി.
ഓൾഡ്ട്രാഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിച്ച തുടക്കമായിരുന്നില്ല അവർക്ക് ലഭിച്ചത്. മത്സരം 26ആം മിനുട്ടിൽ എത്തുമ്പോഴേക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് പിറകിൽ. 21ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മഗ്വിൻ ആയിരുന്നു ആദ്യ ഗോൾ നേടിയത്. ഈ ഗോളിന്റെ ഷോക്ക് മാറും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലയിൽ ഡെണ്ടോങ്കർ രണ്ടാം ഗോളും എത്തിച്ചു. രണ്ടാം ഗോളും സെറ്റ് പീസിൽ നിന്ന് ആയിരുന്നു പിറന്നത്.
ഈ രണ്ട് ഗോളുകൾ വീണതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണർന്നു കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരെ അവസരങ്ങൽ സൃഷ്ടിക്കാൻ തുടങ്ങി. പക്ഷെ ഗോൾ അവരിൽ നിന്ന് അപ്പോഴും അകന്നു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മനോഹരമായ ഒരു കൗണ്ടർ അറ്റാക്കിലൂടെ ഗർണാചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടി എങ്കിലും ഓഫ്സൈഡ് തടസ്സമായി.
അവസാനം 59ആം മിനുട്ടിൽ ഗർനാചോ തന്നെ യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. റാഷ്ഫോർഡിന്റെ പാസിൽ നിന്നായിരുന്നു ഗർനാചോയുടെ ഗോൾ. 71ആം മിനുട്ടിൽ ഗർനാചോ യുണൈറ്റഡിന് സമനിലയും നൽകി. ഒരു ഇടം കാലൻ ഫിനിഷിലായിരുന്നു ഗർനാചോയുടെ രണ്ടാം ഗോൾ. സ്കോർ 2-2. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാൽക് നിർത്തിയില്ല.
82ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് റാസ്മസ് ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഗോളും വന്നു. സ്കോർ 3-2. ഹൊയ്ലുണ്ടിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 31 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. 39 പോയിന്റുമായി ആസ്റ്റൺ വില്ല ഇപ്പോഴും മൂന്നാമത് നിൽക്കുകയാണ്.