മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒട്ടും നല്ല കാലമല്ല. ഇന്നലെ ബയേണോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ യുണൈറ്റഡിന് മുന്നിൽ ഇനി ഉള്ളത് ആൻഫീൽഡിലേക്കുള്ള യാത്രയാണ്. ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ വൈരികളായ ലിവർപൂളിനെ ആണ് യുണൈറ്റഡ് നേരിടേണ്ടത്. മികച്ച ഫോമിൽ ഉള്ള ലിവർപൂളിനെ നേരിടുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. അവസാനം ലിവർപൂളിനെ നേരിട്ടപ്പോൾ ഒക്കെ ഗോളുകൾ ഏറെ വാങ്ങി കൂട്ടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തിട്ടുള്ളത്.
ആൻഫീൽഡിലേക്ക് യുണൈറ്റഡ് യാത്ര ചെയ്യുമ്പോൾ അവർക്ക് ഒപ്പം പല പ്രധാന താരങ്ങളും ഉണ്ടാകില്ല. സസ്പെൻഷൻ കാരണം ക്യാപ്റ്റൻ ബ്രൂണോ ലിവർപൂളിന് എതിരെ കളിക്കില്ല. ഇന്നലെ പരിക്കേറ്റ ഹാരി മഗ്വയർ, ലൂക് ഷോ എന്നിവരും ലിവർപൂളിന് എതിരെ ഉണ്ടാകില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള റാഷ്ഫോർഡ്, മാർഷ്യൽ എന്നിവർ കളിക്കുന്നതും സംശയത്തിലാണ്.
സെന്റർ ബാക്കായ ലിൻഡെലോഫും പരിക്കേറ്റ് പുറത്താണ്. ലിസാൻഡ്രോ മാർട്ടിനസ് തിരികെയെത്താൻ ഇനിയും ആയിട്ടില്ല. മേസൺ മൗണ്ട്, കസെമിറോ എന്നിവരും ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെ. ആൻഫീൽഡിൽ കൂടെ വലിയ പരാജയം നേരിട്ടാൽ ടെൻ ഹാഗിന്റെ പരിശീലക സ്ഥാനം തെറിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.