ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വലിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും സമനിലയിൽ പിരിഞ്ഞു. ആവേശകരമായ മത്സരം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ആയിൽക എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ നൽകും.
ഇന്ന് മികച്ച തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓൾഡ്ട്രാഫോർഡിൽ ലഭിച്ചത്. കളി ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. റാസ്മസ് ഹൊയ്ലുണ്ടിന്റെ ഇടം കാലൻ സ്ട്രൈക്കാണ് അവർക്ക് ലീഡ് നൽകിയത്. പക്ഷെ ആ ലീഡിന് ശേഷം സ്പർസിന്റെ നല്ല മുന്നേറ്റങ്ങൾ ആണ് തുടർച്ചയായി കാണാൻ ആയത്. 19ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സ്പർസ് സമനില കണ്ടെത്തി.
പെഡ്രോ പോറോയുടെ കോർണറിൽ നിന്ന് റിച്ചാർലിസണാണ് ഹെഡ് ചെയ്ത് പന്ത് വലയിൽ എത്തിച്ചത്. സ്കോർ 1-1. 40ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. മാർക്കസ് റാഷ്ഫോർഡാണ് അവരുടെ രണ്ടാം ഗോൾ നേടിയത്. ഹൊയ്ലുണ്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 2-1. ആദ്യ പകുതി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോട്ടനം തിരിച്ചടിച്ചു. 46ആം മിനുട്ടിൽ ബെന്റകുറിലൂടെ ആയിരുന്നു സ്പർസിന്റെ രണ്ടാം സമനില ഗോൾ വന്നത്. ഇതിനു ശേഷം രണ്ട് ടീമുകളും മാറ്റങ്ങൾ വരുത്തുകയും അറ്റാക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ വിജയ ഗോൾ വന്നില്ല.
ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 32 പോയിന്റുമായി ഏഴാം സ്ഥാനത്തും 40 പോയിന്റുമായി സ്പർസ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.