വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 2 ഗോളിന്റെ വിജയമാണ് നേടിയത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്ത് ആണ് ലീഗൽ ഫിനിഷ് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ യൂറോപ്യൻ യോഗ്യത ഒന്നും ഈ ഫിനിഷ് കൊണ്ട് നേടാൻ ആവില്ല. ഇനി എഫ് എ കപ്പ് കിരീടം നേടിയാൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്യൻ സാധ്യതകൾ ഉള്ളൂ.
ഇന്ന് ആദ്യ പകുതിയിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെച്ചത്. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബ്രൈറ്റൺ ആണെങ്കിലും ഡിഫൻസിന്റെയും ഗോൾകീപ്പർ ഒനാനയുടെയും മികവുകൊണ്ട് യുണൈറ്റഡ് ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കുറച്ചുകൂടി അവസരങ്ങൾ സൃഷ്ടിച്ചു. അവസാനം 73ആം മിനിറ്റിൽ പോർച്ചുഗീസ് താരം ഡിയേഗോ ഡാലോട്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു.
87ആം മിനുട്ടിൽ ഹൊയ്ലുണ്ടും യുണൈറ്റഡിനായി ഗോൾ നേടി. ഈ ഗോൾ കൂടെ വന്നതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ യുണൈറ്റഡ് 60 പോയിന്റുമായി എട്ടാമത് ഫിനിഷ് ചെയ്തു. ബ്രൈറ്റൺ 48 പോയിന്റുമായി 12ആം സ്ഥാനത്തും ഫിനിഷ് ചെയ്തു. ലിസാൻഡ്രോ മാർട്ടിനസ്, റാഷ്ഫോർഡ്, വരാനെ എന്നിവർ പരിക്ക് മാറി എത്തി കുറച്ച് മിനുട്ടുകൾ കളിച്ചത് ഇന്ന് യുണൈറ്റഡിന് ആശ്വാസം ആകും. അവർക്ക് ഇനി അടുത്ത ആഴ്ച എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുണ്ട്.