ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ കണ്ടത് ഒരു കമ്പ്ലീറ്റ് എന്റർടെയ്നർ ആയിരുന്നു. ലീഡ് നില മാറിമറഞ്ഞ എട്ടു ഗോൾ ത്രില്ലറിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും സമനിലയിൽ പിരിഞ്ഞു. 95ആം മിനുട്ടിലെ ഒരു പെനാൾട്ടി ഗോളിൽ ആയിരുന്നു ചെൽസി ഇന്ന് സമനില നേടിയത്. ഇന്ന് 25ആം മിനുട്ടിൽ എർലിംഗ് ഹാളണ്ട് ഒരു പെനാൾട്ടിയിലൂടെ സിറ്റിക്ക് ലീഡ് നൽകി. ഇത് മുതൽ എൻഡു എൻഡ് അറ്റാക്കിങ് ഫുട്ബോൾ ഇന്ന് ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ കാണാൻ ആയി. 29ആം മിനുട്ടിൽ ഗാലഗറിന്റെ ബോളിൽ നിന്ന് തിയാഗോ സിൽവയുടെ ഫിനിഷ് ചെൽസിക്ക് സമനില നൽകി.
37ആം മിനുറ്റിൽ റീസ് ജെയിംസിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ മുൻ സിറ്റി താരം കൂടിയായ സ്റ്റെർലിംഗ് ഗോൾ നേടി ചെൽസിക്ക് ലീഡ് നൽകി. സ്കോർ 2-1. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. ബെർണാഡോ സിൽവയുടെ ക്രോസിൽ നിന്ന് ഒരു അകാഞ്ചി ഹെഡർ ആണ് സിറ്റിക്ക് സമനില നൽകിയത്. സ്കോർ 2-2.
ആദ്യ പകുതി പോലെ രണ്ടാം പകുതിയും അറ്റാക്കിംഗ് ഫുട്ബോൾ തന്നെ ഇരു ടീമുകളും തുടർന്നു. 47ആം മിനുട്ടിൽ എർലിംഗ് ഹാളണ്ടിന്റെ രണ്ടാം ഗോൾ. സിറ്റി 3-2ന് മുന്നിൽ. പിന്നെ ചെൽസിക്ക് തിരിച്ചടിക്കേണ്ട സമയം. 67ആം മിനുട്ടിൽ ഗാലഗറിന്റെ ഒരു ഷോട്ട് എഡേഴ്സൺ തടഞ്ഞു എങ്കിലും പന്ത് കയ്യിലാക്കി നിക്കളസ് ജാക്സൺ പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-3.
86ആം മിനുട്ടിൽ റോഡ്രിയുടെ ഒരു ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ ഗോളായി. സിറ്റിക്ക് വീണ്ടും ലീഡ് 4-3. സിറ്റി വിജയം ഉറപ്പിച്ചെന്ന് കരുതിയ സമയം. പക്ഷെ ആ ലീഡും നീണ്ടു നിന്നില്ല. 94ആം മിനുട്ടിൽ ചെൽസിക്ക് അനുകൂലമായി പെനാൾട്ടി. കിക്ക് എടുത്തത് മുൻ സിറ്റി താരം പാൽമർ. സമ്മർദ്ദങ്ങൾ അതിജീവിച്ച് യുവതാരം ലക്ഷ്യം കണ്ടു. സ്കോർ 4-4. ഫൈനൽ വിസിൽ വരുമ്പോൾ ഇരു ടീമുകളും സമനില കിണ്ട് തൃപ്തിപ്പെട്ടു.
ഈ സമനില സിറ്റിയെ 28 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുന്നു. ചെൽസി 16 പോയിന്റുമായി പത്താം സ്ഥാനത്തും നിൽക്കുന്നു.