മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതം തുടരുക തന്നെയാണ് എന്ന് അവസാന നിമിഷം വരെ തോന്നിയ മത്സരം. ഇന്ന് ബോണ്മതിനെതിരെ 93ആം മിനുട്ട് വരെ 1-1 എന്ന സമനിലയിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. പക്ഷെ 93ആം മിനുട്ടിൽ ഇംഗ്ലീഷ് യുവതാരം മാർകസ് റാഷ്ഫോർഡ് രക്ഷനായി. പോഗ്ബയുടെ ഒരു ക്രോസിൽ നിന്ന് ക്ലോസ് റേഞ്ചിൽ നിന്നൊരു ഫിനിഷ്. മൂന്ന് പോയന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം.
അവസാന എട്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടേ രണ്ടു വിജയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ യുണൈറ്റഡിന് ജയിച്ചെ പറ്റുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറി. കളിയുടെ തുടക്കത്തിൽ അത്രയ്ക്ക് ദയനീയമായിരുന്നു യുണൈറ്റഡിന്റെ പ്രകടനം.
ആ ദയനീയ പ്രകടനം ബോണ്മത് മുതലെടുക്കുകയും ചെയ്തു. 13ആം മിനുറ്റിൽ കാലം വിൽസണാണ് ബോണ്മതിന് ലീഡ് നൽകി കൊടുത്തത്. പതിയെ കളിയിലേക്ക് തിരിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില ഗോൾ കണ്ടെത്തി. മാർഷ്യൽ ആണ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി എത്തിയത്. അലക്സിസ് സാഞ്ചസിന്റെ പാസിൽ നിന്നായിരുന്നു മാർഷ്യലിന്റെ ഫിനിഷ്. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് മത്സരത്തിലാണ് മാർഷ്യൽ ഗോൾ നേടുന്നത്.
രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനമാണ് യുണൈറ്റഡ് നടത്തിയത്. എങ്കിലും നിരവധി അവസരങ്ങൾ യുണൈറ്റഡ് നഷ്ടപ്പെടുത്തി. സബ്ബായി റാഷ്ഫോർഡും ഹെരേരയും എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതു നിമിഷവും ഗോൾ നേടാം എന്ന പ്രതീക്ഷ കൊണ്ടു വന്നു. പക്ഷെ 93ആം മിനുട്ട് വരെ കാത്തിരിക്കേണ്ടു വന്നു വിജയ ഗോൾ വരാൻ.
ഇന്നത്തെ ജയത്തോടെ യുണൈറ്റഡ് 20 പോയന്റിൽ എത്തി. ഏഴാം സ്ഥാനത്താണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്.