ചുവപ്പാണ് മാഞ്ചസ്റ്റർ!! സിറ്റിയുടെ വിജയകുതിപ്പിന് അവസാനമിട്ട് ഒലെയുടെ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

21 തുടർവിജയങ്ങളുമായി തങ്ങളുടെ ഏറ്റവും വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ വന്ന മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. സിറ്റിയുടെ 28 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് ഇതോടെ അവസാനിച്ചത്.

അവസാന പത്തൊമ്പത് മത്സരങ്ങളിൽ ഒരിക്കൽ പോലും പിറകിൽ പോകാതിരുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് ആദ്യ നിമിഷം തന്നെ പിറകിലായി. തീർത്തും അറ്റാക്കിംഗ് ഫുട്ബോളിലൂടെ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 33ആം സെക്കൻഡിൽ തന്നെ പെനാൾട്ടി നേടി. മാർഷ്യലിനെ ജീസുസ് വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. ബ്രൂണോ എടുത്ത പെനാൾട്ടി തൊടാൻ സിറ്റി ഗോൾകീപ്പർ എഡേഴ്സണായി എങ്കിലും പന്ത് വലയിൽ എത്തി.

ഇതിനു പിന്നാലെ ലൂക് ഷോയ്ക്ക് ഒരു അവസരം ലീഡ് ഇരട്ടിയാക്കാൻ കിട്ടിയെങ്കിലും ഷോയുടെ ഷോട്ട് എഡേഴ്സണ് നേരെ ആയി. ഈ അവസരത്തിന് ശേഷം യുണൈറ്റഡ് പതിയെ ഡിഫൻസിലേക്ക് നീങ്ങി. സിറ്റി കളിയിലേക്ക് തിരികെ വരാൻ നന്നായി ശ്രമിച്ചു എങ്കിലും സിറ്റിക്ക് എന്നും തടസ്സമായി ഹെൻഡേഴ്സൺ നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയപ്പോൾ സിറ്റി കളിയിലേക്ക് തിരികെ വരികയാണെന്ന് കരുതി.

എന്നാൽ അതിനു പിന്നാലെ ഒരു അറ്റാക്കിൽ ലൂക് ഷോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിലൂടെ റാഷ്ഫോർഡിനൊപ്പം കുതിച്ച ഷോ റാഷ്ഫോർഡിന് പന്ത് കൈമാറി മുന്നേറി പാസ് തിരികെ സ്വീകരിച്ച് ഒരു ലെഫ്റ്റ് ഫൂട്ട് ഷോട്ടിൽ എഡേഴ്സണെ കീഴ്പ്പെടുത്തുകയായിരുന്നു.

69ആം മിനുട്ടിൽ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതാക്കാൻ മാർഷ്യലിന് ഒരു സുവർണ്ണാവസരം ലഭിച്ചു. പക്ഷെ എഡേഴ്സൺ മികച്ച സേവിലൂടെ സിറ്റിയെ രക്ഷിച്ചു. ഇതിനു പിന്നാലെ ഫോഡനെ ഇറക്കി മാഞ്ചസ്റ്റർ സിറ്റി അറ്റാക്ക് ശക്തമാക്കി. മറുവശത്ത് റാഷ്ഫോർഡിന് പരിക്കേറ്റ് പുറത്തു പോകേണ്ടതായും വന്നു.

ഫോഡന്റെ വരവ് സിറ്റിയെ ശക്തരാക്കി. 75ആം മിനുട്ടിലെ ഫോഡന്റെ ഷോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചു. പക്ഷെ പന്ത് വലയിൽ എത്തിയില്ല. സിറ്റി ആക്രമണങ്ങൾ തുടർന്നു എങ്കിലും അവസാനം വരെ പൊരുതി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കി.

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം സ്ഥാനം തിരികെ നൽകി. 28 മത്സരങ്ങളിൽ 54 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. പരാജയപ്പെട്ടു എങ്കിലും സിറ്റി ഇപ്പോഴും ഒന്നാമത് നിൽക്കുകയാണ്. ഇപ്പോഴും സിറ്റിക്ക് ഒന്നാം സ്ഥാനത്ത് 11 പോയിന്റെ ലീഡുണ്ട്.