ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ നടന്ന നിർണായ പോരാട്ടത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി തിരിച്ചടിച്ച് 3-1ന്റെ വിജയം നേടിയത്. ഫോഡൻ ഇരട്ട ഗോളുകളുമായി സിറ്റിയുടെ ഹീറോ ആയി.
ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ പെപ് ഗ്വാർഡിയോളയെ ഞെട്ടിച്ച തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. എട്ടാം മിനുട്ടിൽ സിറ്റി ഫാൻസിനെ നിശബ്ദരാക്കി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഒനാന നൽകിയ ഒരു ലോംഗ് ബോൾ സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് മാർക്കസ് റാഷ്ഫോർഡിന് നൽകി. റാഷ്ഫോർഡ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ലോകോത്തര ഫിനിഷോടെ എഡേഴ്സണെ കീഴ്പ്പെടുത്തി ഗോൾ നേടി.
ഇതിനു ശേഷം തീർത്തും മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കാണ് കാണാൻ കഴിഞ്ഞത്. അവർ ആദ്യ പകുതിയിൽ 17 ഷോട്ടുകൾ തൊടുത്തു എങ്കിലും സമനില നേടാനായി. ആദ്യ പകുതിയുടെ അവസാനം ഗോൾ വലക്ക് തൊട്ടുമുമ്പ് ഹാളണ്ട് ഒരു ഗോൾ മിസ് ചെയ്യുന്നത് കാണാൻ ആയി.
രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ഫിൽ ഫോഡന്റെ ഒരു സ്ക്രീമർ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നൽകി. 80ആം മിനുട്ടിൽ ഫോഡൻ തന്നെ സിറ്റിക്ക് ലീഡും നൽകി. ഇത്തവണ ആല്വരസിന്റെ പാസ് സ്വീകരിച്ചായിരുന്നു ഫോഡന്റെ ഫിനിഷ്. സ്കോർ 2-1.
92ആം മിനുട്ടിൽ അമ്രബതിന്റെ പിഴവ് മുതലെടുത്ത് ഹാളണ്ട് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 62 പോയിന്റുമായി ലിവർപൂളിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 44 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.