റൈറ്റ് ബാക്ക് കൈൽ വാക്കർക്ക് മുന്നിലും പുതിയ കരാർ സമർപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം ബെർണാഡോ സിൽവക്ക് മുൻപിലും സിറ്റി സമാനമായ രീതിയിൽ കരാർ നൽകിയിരുന്നു. ഇത്തവണ ടീം വിടാൻ താൽപര്യം അറിയിച്ച താരങ്ങൾ ആയിരുന്നു ഇരുവരും. എന്നാൽ ഔദ്യോഗിക ഓഫർ മറ്റ് ക്ലബ്ബുകൾ ഇരുവർക്കും വേണ്ടി സമർപ്പിച്ചിട്ടും ഇല്ല. ഇതോടെ ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ഇരിക്കെ, ഇരുവരും സിറ്റിയുടെ ഓഫർ അംഗീകരിച്ചു ടീമിൽ തന്നെ തുടരാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.
ഏകദേശം ഒരു മാസത്തിനു മുകളിലായി ബയേൺ കൈൽ വാക്കറിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. താരവുമായി വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താനും സാധിച്ചു. തോമസ് ടൂഷലിന്റെ ആദ്യ പരിഗണനയിൽ ഒരാൾ ആണ് ഇംഗ്ലീഷ് താരമെന്ന കൃത്യമായ സൂചനകളും ഉണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക ഓഫറുമായി ബയേൺ ഇതുവരെ വന്നിട്ടില്ല. ടീമുകൾ തമ്മിലുള്ള ചർച്ചകൾ മുന്നോട്ടു പോകാത്തതാണ് ഒരു കാരണം. കൂടാതെ സ്‌ട്രൈക്കർ, കീപ്പർ തുടങ്ങി ബയേൺ അത്യവശ്യമായി പുതിയ താരങ്ങളെ എത്തിക്കേണ്ട മേഖലകൾ വേറെയും ഉണ്ട് താനും. ഹാരി കെയിനിന്റെ കാര്യത്തിൽ രണ്ടു തവണ ഓഫർ തള്ളിക്കളഞ്ഞ ടോട്ടനവുമായി ധാരണയിൽ എത്തേണ്ടതുണ്ട്. കൂടാതെ സോമ്മർ പോയതോടെ പകരം കീപ്പറേയും കണ്ടെത്തണം.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയൻ ആയ മാനുവൽ ന്യൂയർ അടുത്ത വർഷം മാത്രമേ കളത്തിൽ തിരിച്ചെത്തൂ എന്ന സൂചനയും ഉണ്ട്. ഇതിനിടയിലാണ് ദിവസങ്ങൾക്ക് മുൻപ് പുതിയ കരാർ ചർച്ചകളിലേക്ക് വാക്കറും സിറ്റിയും കടന്നത്. ജാവോ കാൻസലോ ടീം വിടുമെന്ന് ഉറപ്പായതോടെ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുന്ന ഇംഗ്ലീഷ് താരം സിറ്റിയുടെ ഓഫർ അംഗീകരിച്ചാലും അത്ഭുതമില്ല.