മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് പ്രീമിയർ ലീഗിൽ ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. സോൾഷ്യാർ ചുമതലയേറ്റ ശേഷമുള്ള തുടർച്ചയായ ഏഴാം വിജയമായിരുന്നു ഇത്. ആറ് തുടർ പ്രീമിയർ ലീഗ് വിജയങ്ങളും യുണൈറ്റഡ് നേടി. ഈ വിജയം പ്രീമിയർ ലീഗിലെ ഒരു മാനേജറുടെ ഏറ്റവും മികച്ച തുടക്കം എന്ന റെക്കോർഡിനൊപ്പവും ഒലെയെ എത്തിച്ചു.
ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് കളിയിൽ സമ്പൂർണ്ണ ആധിപത്യം നടത്തിയത്. എന്നാൽ മറ്റു മത്സരങ്ങൾ പോലെ തുറന്ന അവസരങ്ങൾ അധികം യുണൈറ്റഡിന് കിട്ടിയില്ല. ആദ്യ പകുതിയിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളുകളും പിറന്നത്. ആദ്യ പോഗ്ബ നേടിയ പെനാൾട്ടി പോഗ്ബ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. പോഗ്ബയുടെ അവസാന അഞ്ചു മത്സരങ്ങളിലെ അഞ്ചാം ഗോളായിരുന്നു ഇത്.
റാഷ്ഫോർഡാണ് കളിയിലെ രണ്ടാം ഗോൾ നേടിയത്. ബോക്സിൽ നിന്ന് ബ്രൈറ്റൺ താരങ്ങളെ കബളിപ്പിച്ച് വളരെ ടൈറ്റായ ഒരു ആങ്കിളിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ വന്നത്. തുടർച്ചയായ നാലാം മത്സരത്തിലാണ് റാഷ്ഫോർഡ് ഗോൾ നേടുന്നത്.
കളിയുടെ രണ്ടാം പകുതിയിൽ ബ്രൈറ്റൺ മെച്ചപെട്ട പ്രകടനം നടത്തി. അതിന്റെ ഫലവും ബ്രൈറ്റണ് ലഭിച്ചു. ഗ്രോസിന്റെ ഗോളിലൂടെ കളിക്ക് ജീവൻ നൽകാനും അവസാനം വരെ യുണൈറ്റഡിനെ സമ്മർദ്ദത്തിൽ ആക്കാനും ബ്രൈറ്റണ് ആയി. ഇന്നത്തെ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്ത് എത്തി. 23 മത്സരങ്ങളിൽ നിന്ന് 44 പോയന്റാണ് യുണൈറ്റഡിന് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ആഴ്സണൽ 41 പോയന്റുമായി പിറകിൽ ഉണ്ട്.