മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്തൊന്നും ലീഗ് കിരീടം നേടുമെന്ന് താൻ കരുതുന്നില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ് പറഞ്ഞു. ഈ ടീമിനെ വെച്ച് പ്രീമിയർ ലീഗ് കിരീടം നേടാൻ ആർക്കും ആകില്ല എന്നും സ്കോൾസ് പറഞ്ഞു. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒലെ ഗണ്ണാർ സോൾഷ്യാർ വന്നതോടെ ടീം മെച്ചപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കി എങ്കിലും അത് ശരിയല്ല എന്ന് സ്കോൾ അഭിപ്രായപ്പെട്ടു. അടുത്ത വർഷം 200 മില്യൺ ഒക്കെ ചിലവഴിച്ച് വൻ ടീമായി യുണൈറ്റഡ് മാറിയെങ്കിലെ കിരീട പ്രതീക്ഷ ഉള്ളൂ എന്നും സ്കോൾസ് പറഞ്ഞു.
ഇപ്പോൾ കിരീടത്തിന് പോരാടുന്ന ലിവർപൂൾ ഒക്കെ അവസാന കുറച്ചു വർഷങ്ങളായി അവർ കിരീടം അടുത്ത് നേടിയേക്കും എന്നൊരു പ്രതീതി ഉണ്ടാക്കിയിരുന്നു. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അങ്ങനെ ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സ്കോൾസ് പറഞ്ഞു. ക്ലബ് ഇങ്ങനെ ആവാനുള്ള കാരണം ക്ലബിന്റെ ബോർഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് അവസാനിക്കാൻ ഇനി കുറച്ച് മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ആദ്യ നാലി എത്താൻ കഴിയാതെ ഇരിക്കുകയാണ് മാഞ്ചസ്റ്റർ ഇപ്പോൾ.