ഒലെ ഗണ്ണാർ സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. പറ്റുന്നത്ര ഗോളടിക്കുക എന്നതാണ് അത്. ആ ലക്ഷ്യവും വെച്ച് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ന്യൂകാസിലിൽ എത്തും. പ്രീമിയർ ലീഗിൽ പുതുവർഷത്തിലെ യുണൈറ്റഡിന്റെ ആദ്യ പോരാട്ടമാണിത്. ഒലെയുടെ കീഴിലെ നാലാം മത്സരവും. ഇതുവരെ ഒലെ പരിശീലിപ്പിച്ച മൂന്ന് മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടിച്ചു കൂട്ടിയത്.
5-1, 3-1, 4-1 എന്നായിരുനു യുണൈറ്റഡിന്റെ സ്കോർ. ഇന്നും ആക്രമണ ഫുട്ബോൾ തന്നെയാകും യുണൈറ്റഡ് ലക്ഷ്യം. ഇന്നലെ ആഴ്സണൽ വിജയിച്ചത് കൊണ്ട് തന്നെ പോയന്റ് നഷ്ടപ്പെടുത്താൻ യുണൈറ്റഡ് തയ്യാറാവില്ല. ആറാം സ്ഥാനത്തുള്ള യുണൈറ്റഡിന് നാലാം സ്ഥാനം എങ്കിലും സീസൺ അവസാനിക്കുമ്പോഴേക്ക് നേടേണ്ടതുണ്ട്. അറ്റാക്ക് ഒലെയുടെ കീഴിൽ ഏറെ മെച്ചപ്പെട്ടു എങ്കിലും ഡിഫൻസ് ലൈനിൽ യുണൈറ്റഡ് ഇപ്പോഴും പതറുകയാണ്. ഡേവിഡ് ഡി ഹിയ ഒരു ക്ലീൻസ് ഷീറ്റ് കണ്ട കാലം മറന്നു.
ഡിഫൻസ് ലൈനിൽ എറിക് ബായ് ചുവപ്പ് കണ്ട് പുറത്താണ് എന്നതിനാൽ ഇന്ന് വീണ്ടും ജോൺസ് ലിൻഡലോഫ് സഖ്യം ആകും ഇറങ്ങുക. റാഷ്ഫോർഡ് പോഗ്ബ മാർഷ്യൽ എന്നിവരുടെ ഫോം തന്നെയാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. സാഞ്ചേസും ഇന്ന് ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ കളിയിൽ ബെഞ്ചിൽ നിന്ന് എത്തി ഗോളടിച്ച ലുകാകു ഇന്ന് ചിലപ്പോൾ ആദ്യ ഇലവനിൽ എത്തിയേക്കും.
അവസാന ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ന്യൂകാസിലിന് ഉള്ളത്. എന്നാലും റാഫ ബെനിറ്റെസിന്റെ ടീമിനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല. രാത്രി 1.30നാണ് മത്സരം നടക്കുക.