ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാം ജേഴ്സിയിൽ ഇറങ്ങിയ ചിചാരിറ്റോ എന്ന ഹാവിയർ ഹെർണാണ്ടസിനെ എന്തിന് യുണൈറ്റഡ് ആരാധകർ ഇങ്ങനെ സ്നേഹിക്കണം എന്ന് ആർക്കും സംശയമുണ്ടാകില്ല. ചിചാരിറ്റോ എന്ന മെക്സിക്കൻ സ്ട്രൈക്കർ കളിച്ച എല്ലാ ടീമിൽ നിന്നും സ്നേഹം മാത്രം വാങ്ങിയ കളിക്കാരനാണ്. സർ അലക്സ് ഫെർഗൂസൺ 2010 ചിവാസിൽ നിന്ന് ചിചയെ ടീമിൽ എത്തിച്ചപ്പോൾ ഇത്രയും സന്തോഷം തരുന്ന ഒരു താരമായി ചിച മാറുമെന്ന് ആരും കരുതിയിരിക്കില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ സൂപ്പർ സബ്ബെന്ന് വിളിപ്പേരിലേക്ക് ചിച പെട്ടെന്ന് തന്നെ ഉയർന്നു. സബ്ബായി ചിച ഇറങ്ങി മാഞ്ചസ്റ്ററിനെ രക്ഷിക്കുന്നത് സ്ഥിരം കാഴ്ചയായി. റൂണിക്ക് ഒപ്പം മാഞ്ചസ്റ്റർ അറ്റാക്ക് നയിക്കുന്ന താരമായും ചിച മാറാൻ തുടങ്ങി. അന്ന് കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന എതിരാളിയായിരുന്ന ചെൽസിക്ക് എതിരെ ഗോളടിക്കുക എന്നത് ചിച പതിവാക്കി. ആദ്യ സീസണിൽ തന്നെ 20 ഗോളുകൾ യുണൈറ്റഡ് ജേഴ്സിയിൽ നേടാൻ ചിചയ്ക്കായിരുന്നു.
സർ അലക്സ് ഫെർഗൂസണ് ശേഷം വന്നവർ ചിചയെ അവഗണിക്കുകയും ക്ലബ് വിടാൻ അനുവദിക്കുകയും ചെയ്തു എങ്കിലും ഹെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് എന്നും സന്തോഷം തരുന്ന ഓർമ്മയായിരുന്നു. ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരം 1-1 നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു ചിചയെ വെസ്റ്റ് ഹാം പിൻവലിച്ചത്. മാഞ്ചസ്റ്റർ ആരാധകർ നിരാശയിൽ ഇരിക്കുന്ന സമയമായിട്ടു കൂടെ ചിചയോടുള്ള സ്നേഹം കാണിക്കാതിരിക്കാൻ അവർക്കായില്ല. മുഴുവം സ്റ്റേഡിയവും എഴുന്നേറ്റു നിന്നു കയ്യടിച്ചപ്പോൾ ഹെർണാണ്ടസ് തന്നെ ഞെട്ടി എന്നു പറയാം.
ഈ സ്നേഹത്തിനു പകരം നൽകാൻ ഒന്നുമില്ല എന്ന് ഹെർണാണ്ടസ് മത്സര ശേഷം പറഞ്ഞു. വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകണമെന്നും ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗുമൊക്കെ നേടണമെന്നാണ് തന്റെ ആഗ്രഹം എന്നും ഈ ആരാധാകർ അതൊക്കെ അർഹിക്കുന്നു എന്നും ചിച പറഞ്ഞു.