ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലൂടണെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു യുണൈറ്റഡിന്റെ വിജയം. ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളുകൾ ആണ് യുണൈറ്റഡിന് വിജയം നൽകിയത്.
ഇന്ന് ലൂടന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വപന തുല്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ 6 മിനുട്ടുകൾക്ക് അകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ച് 37ആം സെക്കൻഡിൽ തന്നെ റാസ്മസ് ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. തുടർച്ചയായി ആറാം പ്രീമിയർ ലീഗ് മത്സരത്തിലാണ് ഹൊയ്ലുണ്ട് ഗോൾ നേടുന്നത്.
ഇത് കഴിഞ്ഞ് ആറാം മിനുട്ടിൽ ഹൊയ്ലുണ്ട് യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. ഗർനാചോയുടെ ഗോൾ ശ്രമം തന്റെ ചെസ്റ്റ് കൊണ്ട് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. സ്കോർ 2-0. ഇതിനു ശേഷം ആണ് ലൂടൺ ഉണർന്നത്. അവർ 14ആം മിനുട്ടിൽ കാൾട്ടൺ മോറിസിലൂടെ ഒരു ഗോൾ മടക്കി. സ്കോർ 1-2.
പിന്നീട് ലൂടന്റെ ഒന്നിനു പിറകെ ഒന്നായുള്ള ആക്രമണങ്ങൾ ആണ് കാണാൻ ആയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും പ്രതിരോധത്തിൽ ആയി. രണ്ടാം പകുതി തുടങ്ങും മുമ്പ് പരിക്ക് കാരണം ലൂക് ഷോയെയും മഗ്വയറിനെയും യുണൈറ്റഡിന് നഷ്ടമാവുകയും ചെയ്തു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. യുണൈറ്റഡ് റാഷ്ഫോർഡിലൂടെയും ബ്രൂണോയിലൂടെയും മൂന്നാം ഗോളിന് അടുത്ത് എത്തി എങ്കിലും സ്കോർ 1-2 എന്ന് തുടർന്നു. ഗർനാചോയും ബ്രൂണോയും വൺ ഓൺ വൺ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ലൂടണെ കളിയിൽ നിർത്തി.
77ആം മിനുട്ടിൽ ഹൊയ്ലുണ്ടിന്റെ ഗോളെന്ന് ഉറച്ച ഷോട്ട് ലൂടൻ കീപ്പർ കമിൻസ്കി തടഞ്ഞു. മറുവശത്ത് ലൂടണും തുടരെ ആക്രമണങ്ങൾ നടത്തി. 94ആം മിനുറ്റിൽ ബാർക്ലിയുടെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. ലൂടന്റെ സമ്മർദ്ദങ്ങൾ മറികടന്ന് അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് 25 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ലൂടൺ 25 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി 17ആം സ്ഥാനത്താണ്.