ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ

Nihal Basheer

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്‌റ്റ്ഹാം തങ്ങളുടെ പുതിയ ഓഫർ ലിയോണിന് മുന്നിൽ സമർപ്പിച്ചു. നേരത്തെ വെസ്റ്റ്ഹാം സമർപ്പിച്ച നാല്പതോളം മില്യൺ വരുന്ന ഓഫർ ലിയോൺ തള്ളിക്കളഞ്ഞിരുന്നു. ആഡ് ഓണുകളും ഓഫറിൽ ചേർത്തിരുന്നെങ്കിലും ലിയോണിന് ഓഫറിൽ സംതൃപ്തി വന്നിരുന്നില്ല. അറുപത് മില്യൺ ആണ് തങ്ങളുടെ പ്ലേ മേക്കറെ വിട്ട് നൽകാൻ ലിയോൺ ചോദിച്ചിരുന്ന തുക. അതിനാൽ തന്നെ രണ്ടാം തവണ മെച്ചപ്പെട്ട ഓഫർ ആണ് വെസ്റ്റ്ഹാം സമർപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഓഫർ നാല്പത് മില്യൺ ആയി തന്നെ തുടർന്നെങ്കിലും ആഡ് ഓണുകൾ വർധിപ്പിച്ച് പതിനഞ്ച് മില്യൺ വരെ ആക്കിയിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ന്യൂകാസിൽ അടക്കം താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

മുൻ ഫ്ലെമെങ്ങോ താരമായ പക്വറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് ചേക്കേറുന്നത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. പക്വിറ്റക്കായി പുതിയ ഓഫർ സമർപ്പിച്ചത് ഡേവിഡ് മൊയസും സ്ഥിരീകരിച്ചു. ടീമിലെ പല സ്ഥാനങ്ങളിലും കളിക്കാനുള്ള താരത്തിന്റെ കഴിവിനെ അദ്ദേഹം പുകഴ്ത്തി. പ്ലേ മേക്കർ ആയി കളത്തിൽ തിളങ്ങുന്ന പക്വിറ്റ ബ്രസീലിന് വേണ്ടി ഫാൾസ് നയൻ സ്ഥാനത്ത് വരെ ഇറങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ വെസ്റ്റ്ഹാം സമർപ്പിച്ച ഓഫർ ലിയോൺ അംഗീകരിച്ചേക്കും.